കേരളത്തിലേക്ക് പ്രവാസികളുമായി 300 വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‍പൈസ് ജെറ്റിന് അനുമതി നല്‍കി: മുഖ്യമന്ത്രി

single-img
3 June 2020

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് സ്വകാര്യ വിമാനക്കമ്പനികള്‍ അനുമതി ചോദിച്ചതായും ഇതിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ കേരളത്തിലേക്ക്സ്‍പൈസ് ജെറ്റിന് 300 വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും 10 വിമാനങ്ങള്‍ വീതം 30 ദിവസം കൊണ്ട് സര്‍വീസുകള്‍ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

വിദേശത്തുവെച്ച് തന്നെ യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഈ വിമാനങ്ങളില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ഇത്തരത്തിൽ നിബന്ധന മുന്നോട്ടുവെച്ചത് സ്‍പൈസ് ജെറ്റാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപുറമെ അബുദാബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേരളത്തിലേക്ക് അനുമതി ചോദിച്ചുവെന്നും ഇതിനും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം രണ്ട് വരെ 14 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ഇപ്പോൾ അനുമതി നല്‍കിയവയില്‍ 26 എണ്ണം ഇനിയും ഷെഡ്യൂള്‍ ചെയ്യപ്പെടാനുണ്ട്. അതും പൂര്‍ത്തിയായാല്‍ വീണ്ടും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.