‘പ്രിയമീ മലയാളം’ : വീണ്ടും മലയാളത്തെ ഹൃദയത്തോട് ചേര്‍ത്ത് പൗലോ കൊയ്‌ലോ
വീണ്ടും മലയാളത്തെ ഹൃദയത്തോട് ചേര്‍ത്ത് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. മലയാളത്തിലേക്കു മൊഴിമാറ്റിയ സ്വന്തം നോവലുകളുടെ ബുക്ക് ഷെല്‍ഫ് ട്വീറ്റ് ചെയ്തുകൊണ്ടാണ് പൗലോ കൊയ്‌ലോ മലയളാത്തോടുള്ള തന്റെ സ്‌നേഹം പങ്കുവെച്ചത്. മലയാളത്തിലും ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ.
നേരത്തെയും തന്റെ ട്വീറ്റുകളിലൂടെ പൗലോ കൊയ്‌ലോ മലയാളത്തെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ‘ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയ്‌ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ് പരിഭാഷയ്ക്ക് മുന്‍പ് മലയാളത്തില്‍ ഇറങ്ങാറുണ്ട്. ദ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകമാണ് മറ്റു ഭാഷകളിലെന്നപോലെ മലയാളത്തിലും അദ്ദേഹത്തെ ജനപ്രിയനാക്കിയത്. തുടര്‍ന്ന് വന്ന പുസ്തകങ്ങളും മികച്ച രീതിയില്‍ വായിക്കപ്പെട്ടു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന മലയാള സിനിമയുടെ പോസ്റ്ററും പൗലോ കൊയ്‌ലോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.