ദേവികയുടെ ആത്മഹത്യ വേദനാജനകം: ഹൈക്കോടതി

single-img
3 June 2020

കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സർക്കാർ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സിലബലിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരായ ഹരജി പരിഗണിക്കവേയാണ് കോടതി സംഭവം പൊതുതാല്‍പ്പര്യമുള്ള വിഷയമാണെന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

എന്നാൽ ഈ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡിഡിഇ കോടതിയെ അറിയിച്ചു. സ്‌കൂളിലെ ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് തന്റെ വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നെന്നും വരുന്ന അഞ്ചാം തിയ്യതിക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡിഡിഇ സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് കൈമാറി. എന്നാൽ ഈ വിദ്യാലയത്തില്‍ ദേവികയടക്കം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നിലവിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇവിടെ ഇരുമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക.