ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

single-img
23 May 2020

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിൽ ഇരിക്കെ, അവിടെ നിന്നും മുങ്ങി 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചല്‍ യാദവ്(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പ്രദേശത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.

ഇവർക്ക് പുറമെ സംഭവത്തില്‍ വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാന്‍(18) ചുല്ലി പാസ്വാന്‍(18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18 വയസുള്ള പെൺകുട്ടി ക്വാറന്റീന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് ബലാത്സംഗത്തിനിരയായത്.

ഈ സമയം ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു ചാടിയ സുരേഷ് യാദവും ചഞ്ചല്‍ യാദവും പെണ്‍കുട്ടിയെ വയലില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനെ തുടർന്ന് ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. അവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.

എന്നാൽ സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. പക്ഷെ പ്രതിഷേധം വ്യാപകമാവുകയും വാര്‍ത്തയാവുകയും ചെയ്തതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.