പത്തുലക്ഷത്തിലധികം പേരുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ കോവിഡ് പടരുന്നു: വൻ ദുരന്തമാണ് ലോകം കാത്തിരിക്കുന്നതെന്നു മുന്നറിയിപ്പ്

single-img
15 May 2020

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. നിലവിൽ ക്യാമ്പിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആദ്യമായാണ് രോഹിങ്ക്യൻ അഭയാർത്ഥികൾക്കിടയിൽ രോഗം സ്ഥിരീകരിക്കുന്നത്.

തെക്കൻ ബംഗ്ലാദേശിലെ ക്യാമ്പിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിലധികം പേർ കഴിയുന്ന ക്യാമ്പിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നുള്ളത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിൽ 18,863 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 283 പേർ രോഗം ബാധിച്ച് മരിച്ചു.

രോഹിങ്ക്യരിൽ രോഗവ്യാപനമുണ്ടായാൽ വലിയ ദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരികയെന്ന്  നിരവധി മനുഷ്യാവകാശ സംഘടനകൾ അടക്കം നേരത്തേ മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ക്യാമ്പ് അധികൃതർ അറിയിച്ചു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.