ഉത്തരകൊറിയയിൽ അസാധാരണ നടപടികളുമായി കിം ജോങ് ഉൻ

single-img
15 May 2020

ഉത്തര കൊറിയയില്‍ ഭരണാധികാരി കിം ജോങ് ഉന്‍ അസാധാണ നടപടികൾ കെെക്കൊണ്ടതായി റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയേയും സുപ്രീം ഗാര്‍ഡ് കമാന്‍ഡറെയും നീക്കിയതായും പുതിയ വ്യക്തികളെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചതായുമാണ് റിപ്പോർട്ടുകൾ പുറത്തുവരുനന്ത്. 

കിം ജോങിന്റെയും കുടുംബത്തിന്റെയും സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുപ്രീം ഗാര്‍ഡ് കമാന്‍ഡര്‍. രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ Reconnaissance General Bureau (RGB)യുടെ മേധാവി ജാങ് കില്‍ സോങിനെ ഡിസംബറില്‍ നീക്കിയെന്നും ലഫ്.ജനറല്‍ റിം ക്വാങ് ഇല്ലിനെ പകരം നിയമിച്ചുവെന്നും ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇംഗ്ലീഷ് ദിനപത്രമായ ‘കൊറിയ ഹെറാള്‍ഡാ´ണ് റിപ്പോര്‍ട്ട് ചെയ്തത്.  ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ അംഗമായും റിമ്മിനെ നിയമിച്ചിട്ടുണ്ട്.

കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം ക്വാക് ചാങ് സികിനെ നിയമിച്ചു. 2010 മുതല്‍ സുപ്രീം ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന യങ് ജോങ് റിന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗവുമാണ്. പുറംലോകത്ത് ഏറെ പരിചിതമല്ല യങ് ജോങ് റിന്നിന്റെ പേര്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പുറത്തുവരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇവരെ മാറ്റിയതെന്ന് വ്യക്തമല്ല.

ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ നടന്ന വന്‍കിട ചാരവൃത്തി, രഹസ്യ നീക്കങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍ എന്നിവയുടെ എല്ലാം പിന്നില്‍ ആര്‍.ജി.ബി ആണ്. 2010ല്‍ ദക്ഷിണ കൊറിയുടെ നാവിക കപ്പല്‍ തകര്‍ത്തതിനു പിന്നില്‍ ആര്‍ജിബി യായിരുന്നുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.