കേന്ദ്ര തീരുമാനങ്ങൾ അറിയാത്ത വിദേശകാര്യ സഹമന്ത്രി; വി മുരളീധരനെതിരെ മുഖ്യമന്ത്രി

single-img
14 May 2020

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന് എന്തോ പ്രശ്‌നമുണ്ട്. ചിലകാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് മുന്‍പ്, അത് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. കാരണം, കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് മനസിലാകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് പറയുന്നതാണെങ്കിൽ അത് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഷെഡ്യൂള്‍ ചെയ്ത പ്രകാരം വിമാനങ്ങള്‍ നാട്ടിലേക്ക് വരുന്നില്ലേ?.ഇതുപോലുള്ള കാര്യങ്ങള്‍ അറിയാന്‍ ബാധ്യതപ്പെട്ടയാളാണ് മുരളീധരന്‍. കേരളം പോലെ ഒരു സംസ്ഥാനം പറഞ്ഞിട്ടാണോ ആ രീതിയിലുള്ള ഷെഡ്യൂള്‍ തീരുമാനിക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണ്ടേ. എന്തും വിളിച്ചുപറയലാണോ.അതിലപ്പുറം ഇപ്പോള്‍ പോകുന്നില്ല. അത് പറയാനുള്ള വേദിയല്ല ഇതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.