‘മഹാവിപത്തുകളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്ക അല്ലാതെ വേറെ ആരുമില്ല’; ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനായി ടോം ക്രൂസും നാസയും

single-img
8 May 2020

കൊറോണയെ പ്രതിരോധിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടത് കണ്ട് അമ്പരന്നു നിൽക്കുകയാണ് ലോകരാജ്യങ്ങൾ എല്ലാം തന്നെ. സിനിമയെന്നാൽ ഹോളിവുഡെന്നും ലോകത്തിൽ സംഭവിക്കുന്ന മഹാവിപത്തുകളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്ക അല്ലാതെ വേറെ ആരുമില്ലെന്നുമുള്ള ഒരു ‘മിത്’ രൂപപ്പെടുത്തുന്നതിൽ അമേരിക്ക വിജയിച്ചിരുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. ഇപ്പോളിതാ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങുകയാണ് ഹോളിവുഡ്. ഹോളിവുഡ് നടൻ ടോം ക്രൂസും നാസയും. പ്രശസ്ത വ്യവസായിയും ശാസ്ത്രജ്ഞനുമൊക്കെയായ ഈലോൺ മസ്കിൻ്റെ ബഹിരാകാശ വാഹന നിർമ്മാണക്കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ആക്ഷൻ-അഡ്വഞ്ചർ വിഭാഗത്തിൽ പെട്ട സിനിമയാാവും ഇതെന്നാണ് സൂചന.

നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഷൂട്ട് നടക്കുക ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വെച്ചാവും എന്ന് അദ്ദേഹം പറയുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം അറിയിച്ച ജിമ്മിന് ഈലോൺ മസ്ക് വിവരം സ്ഥിരീകരിച്ച് റിപ്ലേ നൽകുകയും ചെയ്തു.ഭൂമിയിൽ നിന്ന് 250 മൈൽ അകലെയാണ് സ്പേസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചിത്രീകരണത്തിനു മുൻപ് ടോം ക്രൊസിന് കൃത്യമായ പരിശീലനം നൽകേണ്ടി വരും. ബഹിരാകാശത്ത് ജീവിക്കുന്നതിനുള്ള പരിശീലനം പൂർണ്ണമായും നൽകാൻ 2 വർഷത്തോളം വേണ്ടി വരുമെന്നാണ് വിവരം.

മിഷൻ ഇംപോസിബിൾ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് ടോം ക്രൂസ്. അപകടം പിടിച്ച ആക്ഷൻ സീനുകൾ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന അദ്ദേഹം ഇപ്പോൾ മിഷൻ ഇംപോസിബിൾ പരമ്പരയിലെ ഏഴാമത്തെ സിനിമയുടെ ചിത്രീകരണത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.57 കാരനായ ടോം 1981ലാണ് അഭിനയ ജീവിതം തുടങ്ങിയത്. 19ആം വയസ്സിൽ എൻഡ്ലസ് ലവ് എന്ന സിനിമയിലെ അപ്രധാന റോളിലൂടെ സിനിമാഭിനയം ആരംഭിച്ച അദ്ദേഹം 83ലെ റിസ്കി ബിസിനസ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.