കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം; കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി

single-img
7 May 2020

കോവിഡ് 19 സംശയിക്കുന്നവരുടെ ട്രാക്കറായ ആരോഗ്യസേതു ആപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേലാണ് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജിയില്‍ സ്പ്രിംഗ്‌ളര്‍ കേസിലെ കേരള ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത്കോവിഡ്-19 പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല, നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്.

സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് നല്‍കുന്നത്.