പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട് : വൈറലായി ഫേസ്‌ബുക്ക് കുറിപ്പ്

single-img
1 May 2020

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്’. അടിയന്തര ഘട്ടങ്ങളിൽ ഒരു നേതാവിന്റെ മനോഗുണം പ്രദർശിപ്പിച്ച രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.കൊറോണയുടെ പ്രതിസന്ധിയില്‍ നിന്ന്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നതിന് ആശയങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച വിലയിരുത്തി ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇതിനോടകം വൈറലായി കഴിഞ്ഞത്.

സുധാമേനോന്‍ എന്നയാളാണ് ഈ കുറിപ്പ് പങ്കുവെച്ചത്. സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും, സോഷ്യലിസ്‌റ് ചിന്തയുടെ സ്വാധീനവും രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു എന്ന് സുധാമേനോന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യമെന്ന് ചര്‍ച്ചയിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സുധാമേനോന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാമൂഹ്യ-സാംസ്‌കാരിക മൂലധനങ്ങളില്‍ ഒന്ന് ആയിരുന്നു ‘ പപ്പു മോന്‍ ‘ നരേട്ടീവ്. രാഹുല്‍ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജില്‍ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത്
കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാര്‍ വേഴ്‌സസ് പപ്പുമോന്‍’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയില്‍ ഉഴുതു മറിക്കുന്നതില്‍ അവര്‍ വിജയിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്ന്.

സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും, സോഷ്യലിസ്‌റ് ചിന്തയുടെ സ്വാധീനവും രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. നിലനില്‍ക്കുന്ന നിയോലിബറല്‍ വ്യവസ്ഥ കൂടുതല്‍ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തില്‍ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ ആയിരുന്നു രഘു രാം രാജന്‍ പങ്കു വെച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീര്‍ണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളര്‍ന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുല്‍ഗാന്ധിയുടെ സംഭാഷണത്തില്‍ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദത്തില്‍, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം
എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.

‘There is an infrastructure of division and an infrastructure of hatred, and that poses a big problem’ എന്ന് സമകാലിക ഇന്ത്യയെ രാഹുല്‍ഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോള്‍, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന് രഘുറാം രാജന്‍ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.

പൊതുജനാരോഗ്യം കമ്പോളവല്‍ക്കരിക്കാന്‍ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ സമാധാനപരമായ സാമൂഹ്യസഹവര്‍ത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓര്‍മിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികള്‍ക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയില്‍ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡല്‍ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക് ആവശ്യം എന്ന തിരിച്ചറിവ്…

പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..