ബോളിവുഡ് റൊമാന്റിക് താരം ഋഷി കപൂർ അന്തരിച്ചു

single-img
30 April 2020

മുംബൈ: ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ​ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ബുധനാഴ്​ച രാത്രി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യു. എസിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ സെപ്​തംബറിലാണ് അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.

1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. നടനെന്നതിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി.രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്‌, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്.നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്.

നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാൻ ഹാഷ്​മിക്കൊപ്പം ഋഷി കപൂർ അവസാനമായി അഭിനയിച്ചത്. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിൻെറ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാർത്ത ഉണ്ടായിരുന്നു.

അമിത് ബച്ചന്‍ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ‘അദ്ദേഹം പോയി, ഞാന്‍ തകര്‍ന്നുപോയി’ എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്‌.