മതസ്വാതന്ത്ര്യമില്ല: ഇന്ത്യക്ക് മേല്‍ നിയന്ത്രണം വേണമെന്ന് യുഎസ് കമ്മീഷന്‍; റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

single-img
30 April 2020

മതസ്വാതന്ത്ര്യം സംബന്ധിച്ച് ഇന്ത്യയുള്‍പ്പടെ 14 രാജ്യങ്ങളെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്നാണ് സമിതിയുടെ നിരീക്ഷണം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിവേചനപരമായ നയങ്ങള്‍, വിദേഷ പ്രസംഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ദേശീയ തലത്തിലും ചില സംസ്ഥാനങ്ങളിലും സഹിഷ്ണുതയോടെ കാണല്‍ എന്നിവ നിമിത്തം ഹിന്ദു ഇതര മതവിഭാഗങ്ങളില്‍ ഭയം എന്നിവ വര്‍ധിച്ചുവരുന്നതായാണ് കമ്മീഷന്‍ ആരോപിക്കുന്നത്.

ബര്‍മ്മ, ചൈന, എറിത്രിയ, ഇന്ത്യ, ഇറാന്‍, നൈജീരിയ, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, സൌദി അറേബ്യ, സിറിയ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ്ഐആര്‍എഫ് ആവശ്യപ്പെടുന്നത്. വിസ വിലക്ക് അടക്കമുള്ളവ ഏര്‍പ്പെടുത്തി വിഷയം ഇന്ത്യയുടെ ശ്രദ്ധയില്‍ വരുത്തണമെന്നും അമേരിക്കയോട് കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ടിന് പിന്നാലെ 1998ലാണ് യുഎസ് സര്‍ക്കാര്‍ യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം രൂപീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രത്യേക പരിഗണനയുള്ള രാജ്യമെന്ന പട്ടികയിലേക്ക് തരം താഴ്ത്തുന്നതിനെതിരെ യുഎസ്ഐആര്‍എഫിന്‍റെ ഒമ്പതംഗ പട്ടികയില്‍ രണ്ട്പേര്‍ എതിര്‍ത്തുവെന്നാണ് വിവരം. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് നിയമപരമായ ഇടപെടലുകള്‍ നടത്താന്‍ അനുമതിയില്ലാത്ത ഒരു യുഎസ് സമിതിക്ക് ഇന്ത്യയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാനും ഇടപെടാനും അധികാരമില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിലെ കലാപത്തേക്കുറിച്ചും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലെ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അമേരിക്കയിലെ സര്‍ക്കാര്‍ തയ്യാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സമിതിയുടെ നിലപാടുകളെ ഇന്ത്യ അംഗീകരിക്കാറില്ല. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പക്ഷപാതപരമാണെന്നും ഇന്ത്യക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായിട്ടല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വിശദമാക്കി.