കർണ്ണാടകയിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കൊണ്ടുവന്നാൽ 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തും: 28 ദിവസം ക്വാറൻ്റെെനും

single-img
29 April 2020

കർണ്ണാടകയിൽ നിന്നും അനധികൃതമായി വാഹനങ്ങളിലും മറ്റും ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ പൊലീസ് നടപടി ശക്തമാക്കി. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവു ലഭിക്കാവുന്ന വകുപ്പുകള്‍ ഉൾപ്പെടുത്തിയാണ് കേസെടുക്കുക. മാത്രമല്ല വാഹന ജീവനക്കാരെയും യാത്രക്കാരെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ 28 ദിവസം ഐസോലേറ്റ് ചെയ്യും.

ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും  അനധികൃതമായി ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ  ബദിയടുക്ക പൊലീസ്  കേസെടുത്തിട്ടുണ്ട്.  കര്‍ണാടകയില്‍ നിന്നും ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലെക്ക് കൊണ്ട് വരാന്‍ ആള്‍ട്ടോ കാറില്‍  പോയതായി  ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അടുക്കസ്ഥലയില്‍ നൂറുദ്ദീന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കേരള എപ്പിഡെമിക് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി ആള്‍ക്കാരെ കൊണ്ടുവരാണ്‍  പോയതായി  ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്  ഡോ. ഉദയശങ്കര്‍, ഡ്രെെവര്‍ ധനേഷ് എന്നിവര്‍ക്കെതിരെയും ഓട്ടോറിക്ഷയില്‍ കര്‍ണാടകയില്‍ നിന്നും ഉക്കിനടുക്കയിലേക്ക് അനധികൃതമായി രണ്ടു സ്ത്രീകളെ കയറ്റി കൊണ്ട് വന്നതിന് സുനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു. കാറില്‍ കര്‍ണാടകയില്‍ നിന്നും ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന് പെര്‍ലയില്‍ നിന്ന് അനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.