കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടിനെ നൽകി നടന്‍ മോഹന്‍ലാല്‍

single-img
25 April 2020

കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍.ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.  50 ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

നാളെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് റോബോട്ടിനെ കൈമാറും. ആര്‍ എം ഒ ഡോക്ടര്‍ ഗണേഷ്, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണവിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു. ഭക്ഷണ വിതരണത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ മാതൃകയായത്.