ഗള്‍ഫ് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ തടസ്സം ഒഴിവാക്കാണം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്


തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗമല്ലാത്ത കാരണങ്ങളാല്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ തടസ്സം ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി മലയാളി സംഘടനകളില്‍നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോവിഡ് കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രം നേരത്തേ അനുവദിച്ചിട്ടുണ്ട്.അന്താരാഷ്ട്ര സർവിസ് നിര്‍ത്തിയതിനാൽ ചരക്കു വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയക്കുന്നത്. നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനു പിന്നെലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ പ്രവാസികളായ മലയാളികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും, കേന്ദ്ര വിദേശ കാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സംഘടനകളായ ഒ.ഐ.സി.സി, ഇന്‍കാസ് എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ വിഡിയോ കോൺഫറന്‍സിനെ തുടര്‍ന്നാണ് അവര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കത്ത് നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ എംബസികളും അടിയന്തരമായി ഹെല്‍പ്പ് ഡെസ്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.