കാൽമുട്ട് മറയ്ക്കുന്ന ജൂബ്ബ, താടിയും കണ്ണടയും മസ്റ്റ്, തോളിൽ ഒരു തുണിസഞ്ചി: ഇതൊന്നുമില്ലാത്ത ചെന്നിത്തല പുസ്തകം വായിക്കുന്നത് ഇക്കൂട്ടർക്ക് സഹിക്കാനാവുന്നില്ല: ജോയ് മാത്യു

single-img
25 April 2020

കോഴിക്കോട്: ലോക പുസ്തക ദിനത്തിൽ താൻ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കടുത്ത സൈബർ അക്രമണമാണ് നടന്നത്. എന്നാൽ ചെന്നിത്തലയെ പരിഹസിച്ചവർക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യൂ. കോൺഗ്രസുകാരൻ പുസ്തകം വായിക്കുകയോ ? അതും രമേശ് ചെന്നിത്തല ? ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാൽത്തന്നെ മറിച്ച് നോക്കാത്തവരും തങ്ങൾ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകളാണെന്നാണ് ജോയ് മാത്യൂ കുറിച്ചിരിക്കുന്നത്.

ചെന്നിത്തലയ്ക്കെതിരെ കമന്റിട്ടവർക്ക് പുസ്തകം വായിക്കുന്നവരെ കുറിച്ച് ചില സങ്കൽപ്പമുണ്ടെന്നും അത്തരക്കാരല്ലാത്തവർ വായിക്കുന്നത് ഇവർക്ക് സഹിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കാൽമുട്ട് മറയ്ക്കുന്ന ജൂബ്ബ, താടിയും കണ്ണടയും മസ്റ്റ്, തോളിൽ ഒരു തുണിസഞ്ചി. ഇതൊന്നുമില്ലാത്ത ചെന്നിത്തല പുസ്തകം വായിക്കുന്നു എന്നുള്ളത് ഇക്കൂട്ടർക്ക് സഹിക്കാനാവുന്നില്ല .കമന്റ് ബോക്സിൽ വന്ന കമന്റുകൾ നോക്കിയാൽ ആർക്കും മനസ്സിലാകും എന്തായിരിക്കാം ഈ ആക്രമണത്തിന് പിന്നിലെ മാനസികാവസ്ഥ എന്നും അദ്ദേഹം പറയുന്നു.

ജോയ് മാത്യൂവിന്റെ കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ ലോക പുസ്തക ദിനമായിരുന്നു. പുസ്തകത്തെ അറിയുന്നവരും വായിക്കുന്നവരും പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കുന്നവരും അവരുടേതായ പുസ്തക ലോകങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്നിട്ടു. ഞാനും ബുദ്ധിജീവിയാണ് എന്ന് കാണിക്കുവാനുള്ള വ്യഗ്രതയായിരുന്നില്ല അത്. തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ ഇതൊക്കെയാണ് എന്ന് തുറന്നു പറയുവാനുള്ള ആർജ്ജവവും ഏതുതരം വിജ്ഞാനമായാലും അത് സ്വീകരിക്കാനുമുള്ള സന്നദ്ധതയുമാണ് അതിൽ പ്രതിഫലിച്ചത് .

ഇത്രയും പറയുവാൻ കാരണം നമ്മുടെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല തന്റെ വായനാനുഭവങ്ങൾ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചപ്പോഴാണ്. കോൺഗ്രസുകാരൻ പുസ്തകം വായിക്കുകയോ ?അതും രമേശ് ചെന്നിത്തല ? ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാൽത്തന്നെ മറിച്ച് നോക്കാത്തവരും തങ്ങൾ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകൾ.

പുസ്തകം വായിക്കുന്നവരെ കണ്ടുപിടിക്കാൻ കൊറോണ വൈറസ് ബാധിച്ചവരെ കണ്ടുപിടിക്കുന്ന പോലെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവർ തീർച്ചപ്പെടുത്തിയ ചില വേഷങ്ങളുണ്ട് . കാൽമുട്ട് മറയ്ക്കുന്ന ജൂബ്ബ ,താടിയും കണ്ണടയും മസ്റ്റ് ,തോളിൽ ഒരു തുണിസഞ്ചി കൂടി ഉണ്ടെങ്കിൽ പസ്റ്റ് !

ഇതൊന്നുമില്ലാത്ത രമേശ് ചെന്നിത്തല പുസ്തകം വായിക്കുന്നു എന്നുള്ളത് ഇക്കൂട്ടർക്ക് സഹിക്കാനാവുന്നില്ല. കമന്റ് ബോക്സിൽ വന്ന കമന്റുകൾ നോക്കിയാൽ ആർക്കും മനസ്സിലാകും എന്തായിരിക്കാം ഈ ആക്രമണത്തിന് പിന്നിലെ മാനസികാവസ്ഥ എന്ന്. സംശയമില്ല ഭീതിതന്നെ. ഒരാൾ പുസ്തകം വായിച്ച് വായിച്ച് തങ്ങളേക്കാൾ കേമനോ മറ്റോ ആയിപ്പോയാലോ !

ദിവസവും ഒരേ സമയത്ത് മാത്രം പ്രത്യക്ഷപ്പെട്ട് മറ്റുള്ളവർ ചെയ്ത ജോലികൾ ഞാൻ കാരണം എന്ന് സ്വയം പ്രഖ്യാപിക്കുന്ന പരശുരാമന്മാർ മാത്രമേ ഇനിയും നമ്മളെ നയിക്കാൻ ഉണ്ടാവുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്നവരുടെ മോഹങ്ങളെ തള്ളിപ്പറയുന്നില്ല, അതുകൊണ്ട് ചെന്നിത്തലയെപ്പോലുള്ളവർ പുസ്തകം വായിക്കുന്നതിനെ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണത ഒന്നുകൊണ്ടുമാത്രം .

https://www.facebook.com/watch/?ref=external&v=248976569820636