കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ആയിരുന്നു; നടനെ ഇരട്ട കൊലപാതകക്കേസിലെ പ്രതിയാക്കി പാക് ചാനൽ

single-img
20 April 2020

അശ്രദ്ധ മൂലം അബദ്ധങ്ങൾ പറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ പാകിസ്ഥാനിലെ ചാനലിന് സംഭവിച്ചത് അബദ്ധമെന്നതിനപ്പുറമാണ്. ഇരട്ടകൊലപാതക്കേസിൽ ആരോപണം നേരിട്ട പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എം.ക്യൂ.എം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ച് പാകിസ്താൻ ചാനൽ. കഴിഞ്ഞ ദിവസമാണ് ചാനലിന് വലിയ അബദ്ധം പിണഞ്ഞത്. കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കിയ വാർത്തയിലാണ് നടൻ ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ചത്.

പാക് മാധ്യമ പ്രവർത്തകയായ നെെല ഇനയാതാണ് ചാനലിന് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ”കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു”- നെെല ഇനയാത് ട്വീറ്റ് ചെയ്തു.

സംഭവം വെെറലായതോടെ ചാനലിനെതിരേ വിമർശനവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അദ്വെെത് ചന്ദ്രൻ സംവിധാനം ചെയ്ത ലാൽ സി​ഗ് ഛദ്ദയിലാണ് ആമീർ ഖാനിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിം​ഗ് ഛദ്ദ. കരീന കപൂർ, വിജയ് സേതുപതി, മോന സിം​ഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.