നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ; എല്ലാദിവസവും വൈകിട്ട് കണ്ടിരുന്നത് മുഖ്യമന്ത്രിയുടെ അഭിനയം: കെ സുധാകരൻ

single-img
19 April 2020

കേരളത്തിൽ എല്ലാ ദിവസവും വൈകിട്ട് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുൻപിൽ വന്നിരുന്നതെന്നും മുഖ്യമന്ത്രിയുടെ അഭിനയമാണ് എല്ലാദിവസവും വൈകിട്ട് കണ്ടിരുന്നതെന്നും കോൺ ഗ്രസ് നേതാവ് കെ സുധാകരൻ എംപി. ഇവിടെ എല്ലാം എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണ് മുഖ്യമന്ത്രിയെന്നും ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു, ആരുടെയും മുഖത്തുനോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയർത്തി ആളുകളെ നോക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാർട്ടിയിലുള്ള എത്ര എംഎൽഎമാർക്ക് അദ്ദേഹത്തോടു യോജിപ്പുണ്ട്? അവരിൽ ആരോടെങ്കിലും ഉള്ളിൽതട്ടി സൗഹൃദം പുലർത്തുന്നുണ്ടോ? കൊറോണക്കെതിരെ മുൻപിൽനിന്നു പ്രവർത്തിച്ച ശൈലജ ടീച്ചറുടെ ദുരനുഭവം കേരളം കണ്ടതല്ലേ? ഷാജിയുടെ ബുള്ളറ്റ് പ്രയോഗം വരെ എന്തായിരുന്നു സ്ഥിതി എന്നും സുധാകരൻ ചോദിക്കുന്നു.

ഒരു ദിവസം ആറ് മണിക്ക് ഒരു കോവിഡ് രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവർ മരണവിവരം അറിയാൻ വൈകി. അദ്ദേഹത്തിലൂടെ മാത്രമേ ഇതൊക്കെ കേരളം അറിയാവൂ എന്ന പിടിവാശി എന്തിനായിരുന്നു? എന്നും സുധാകരൻ ചോദിച്ചു.

അതേപോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബ പശ്ചാത്തലമല്ല കെ എം.ഷാജിക്കെന്നും 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജി ഷാജി സമ്പന്നതയിൽ ജനിച്ചു വളർന്നയാളാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്.അവർക്ക് എങ്ങനെയുണ്ടായി ഈ പണം?

ബീഡി തൊഴിൽ എടുത്തവന്റെ കുടുംബം ഇപ്പോൾ സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ? അതേപോലെ, പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ് എന്നും കെ സുധാകരൻ ആരോപിച്ചു. വിവാദമായ സ്പ്രിൻക്ലർ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.