മരണ നിരക്കിൽ സ്പെയിനിനെ പിന്തള്ളി അമേരിക്ക രണ്ടാമതെത്തി: ഇന്നലെ മാത്രം മരിച്ചത് 1900 പേർ

single-img
10 April 2020

കോവിഡ് രോഗബാധ ലോകത്തെ ആശങ്കയിലാക്കി വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 95,716 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്. 

കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,43,626 പേര്‍ക്കു രോഗം ബാധിച്ചതില്‍ 18,279 പേര്‍ മരിച്ചു. സ്‌പെയിനെ പിന്തള്ളി അമേരിക്ക മരണത്തില്‍ രണ്ടാമതെത്തി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. 4,68,566 പേര്‍ക്കാണ് രോഗബാധയുള്ളത്. മരിച്ചവരുടെ എണ്ണം 16,691 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1900 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7067 ആയി. 

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 16,03,433 ആയി ഉയര്‍ന്നു. ലോകത്ത് 3,56,440 പേരാണ് രോഗമുക്തി നേടിയത്. 

ബ്രിട്ടനിലും കോവിഡ് വൈറസ് ബാധ അതിരൂക്ഷമായി പടരുകയാണ്. മരിച്ചവരുടെ ആകെ എണ്ണം 7978 ആയി ഉയര്‍ന്നു.  ബ്രിട്ടനില്‍ 65,077 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഫ്രാന്‍സില്‍ 1,17,749 പേര്‍ക്കു രോഗം ബാധിച്ചു, മരണം 12,210. ജര്‍മനിയില്‍ 1,18,235 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2607. ചൈനയില്‍ 81,907 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3336.  

സ്‌പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം ബാധിചച്‌പ്പോള്‍, 15,447 പേര്‍ മരിച്ചു. ഇറാനില്‍ 66,220 പേരാണ് രോഗബാധിതരായത്, 4140 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 

24,983 പേര്‍ക്ക് രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2523 ആയി. നെതര്‍ലന്‍ഡ്‌സില്‍ 21,762 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 2396 ആയി വര്‍ധിച്ചു.