കാസർകോട് ഐസൊലേഷൻ വാർഡിൽ പൂച്ചകൾ ചത്ത സംഭവം; ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും

single-img
8 April 2020

കാസർകോട് ജില്ലയിലെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പൂച്ചകൾ ചത്ത സംഭവത്തിൽ പൂച്ചകളുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കാൻ ഒരുങ്ങുന്നു. അമേരിക്കയിൽ പെൺകടുവയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂച്ചയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്. കൊറോണ സംശയത്തെ തുടർന്ന് രണ്ട് വയസ്സുള്ള പൂച്ചയുടെയും 20 ദിവസം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരിക അവയവങ്ങളാണ് പരിശോധനക്ക് അയക്കുന്നത്.

ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പൂച്ചകൾ ഉള്ള വിവരം ഇവിടെ ചികിത്സയിലുള്ള കോവിഡ് സ്ഥിരീകരിച്ച രോഗി സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പിന്റെ സഹായത്തോടെ പൂച്ചകളെ പിടികൂടിയത്. ഇവയെ പിന്നീട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എബിസി സെന്ററിലേക്ക് മാറ്റി. അവിടെവെച്ചാണ് രണ്ട് ദിവസത്തിനു ശേഷം പൂച്ചകൾ ചത്തത്.

നിലവിൽ പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം തിരുവനന്തപുരത്താവും പരിശോധന. പിന്നീട് ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷണൽ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്കും പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.