അട്ടത്തോട് കോളനിയിലെ 30 കുടുംബങ്ങള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍

single-img
7 April 2020

അട്ടത്തോട് കോളനിയിലെ 30 കുടുംബങ്ങള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ വി.ആര്‍ മധു പറഞ്ഞു. കോവിഡ് 19 ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഭക്ഷ്യസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി (എഫ്.എസ്.പി) സര്‍ക്കാര്‍ ജോലിക്കാരൊഴികെയുള്ള ജില്ലയിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ ഏപ്രില്‍ അഞ്ചിനു വിതരണം ചെയ്തിരുന്നു.

15 കിലോഗ്രം അരി, ഒരു കിലോഗ്രാം കടല, ഒരു കിലോഗ്രാം ഉപ്പ്, ഒരു കിലോഗ്രാം വെളിച്ചെണ്ണ 100 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മുളകുപൊടി, ഒരു സോപ്പ്, ഒരു അലക്കുസോപ്പ് എന്നിവ അടങ്ങിയ 2150 കിറ്റുകളാണു വിതരണം ചെയ്തിട്ടുള്ളത്.

അട്ടത്തോട് കിഴക്കേക്കരയില്‍ 120 പട്ടികവര്‍ഗ കുടുംബങ്ങളുണ്ട്. അവരില്‍ ഒന്‍പതു കുടുംബങ്ങളിലാണു സര്‍ക്കാര്‍ ജീവനക്കാരുള്ളത്. അതില്‍ ഏഴു വ്യക്തികള്‍ ഫോറസ്റ്റ് വാച്ചര്‍മാരും മൂന്നു വ്യക്തികള്‍ മറ്റു വകുപ്പുകളിലെ ജോലിക്കാരുമാണ്. അട്ടത്തോട് പടിഞ്ഞാറെക്കരയിലുള്ള 77 പട്ടികവര്‍ഗ കുടുംബങ്ങളില്‍ ഒന്‍പതു കുടുംബങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുണ്ട്. അതില്‍ ഏഴു വ്യക്തികള്‍ ഫോറസ്റ്റ് വാച്ചര്‍മാരും രണ്ടുപേര്‍ മറ്റു ജോലിക്കാരുമാണ്.

ഇരു കോളനിയിലേയും സര്‍ക്കാര്‍ ജോലിക്കാരൊഴികെയുള്ള എല്ലാവര്‍ക്കും കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ കിഴക്കേക്കരയിലെ 52 വ്യക്തികള്‍ക്കും പടിഞ്ഞാറെക്കരയിലെ 40 വ്യക്തികള്‍ക്കും 60 വയസുമുതല്‍ പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കുമായുള്ള പോഷകാഹാരക്കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അവിടെയുള്ള കുടുംബങ്ങളില്‍ സര്‍ക്കാര്‍ ജോലിക്കാരുള്ള 18 കുടുംബങ്ങള്‍ക്കു മാത്രമാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കിറ്റ് നല്‍കാതിരുന്നത്. ഭക്ഷ്യസഹായ പദ്ധതിപ്രകാരമുള്ള ഭക്ഷ്യസാമഗ്രികള്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറില്ല. അതിനാലാണ് ഇത്തവണയും അവരെ ഒഴിവാക്കിയത്.

ഈ രണ്ടു കോളനികളിലേയും കുടുംബങ്ങളില്‍ ഇനി 10 കുടുംബങ്ങളാണ് സൗജന്യ റേഷന്‍ വാങ്ങാനുള്ളത്. മറ്റുള്ള എല്ലാവരും റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വിതരണം ചെയ്യുന്ന ചുമന്ന അരിയേക്കാള്‍ താല്‍പര്യം വെളള അരിയോടാണ് ഈ 10 കുടുംബങ്ങള്‍ക്ക് താല്‍പ്പര്യ കൂടുതല്‍. വെള്ള അരി വരുമ്പോള്‍ വാങ്ങാമെന്ന് കരുതിയാണ് ഇവര്‍ റേഷന്‍ വാങ്ങാതെ മാറിനില്‍ക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുള്ള 18 കുടുംബങ്ങളെ മാത്രമാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സൗജന്യ കിറ്റ് വിതരണത്തില്‍ നിന്നും ഒഴിവാക്കിയത്. ശേഷിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും വകുപ്പിന്റെ കിറ്റുകള്‍ ഏപ്രില്‍ അഞ്ചിനു ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ വി.ആര്‍. മധു പറഞ്ഞു.