കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സക്കായി പോകാം: മുഖ്യമന്ത്രി

single-img
6 April 2020

കേരളത്തിൽ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സക്കായി പോകാന്‍ അനുവാദം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള കൊവിഡ് 19 ബാധയില്ലാത്ത രോഗികളെ കര്‍ണാടകയിലെ ആശുപത്രിയില്‍ ചികിത്സിക്കാനാണ് അനുവാദം ലഭിച്ചത്.

കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെക്പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘം പരിശോധന നടത്തിയതിന് ശേഷം മാത്രമേ കടത്തി വിടൂ. ഈ സമയം രോഗിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്നും അവരെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെതന്നെ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലുള്ളവര്‍ക്കായി വയനാട് ജില്ലയിൽ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കര്‍ണാടകയുടെ പ്രദേശങ്ങളായ ബൈരക്കുപ്പ, മച്ചൂര്, തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗുഡല്ലൂര്‍ താലൂക്കുകളില്‍ നിന്നാണ് ജനങ്ങൾ വയനാട്ടിലേക്ക് ചികിത്സക്കെത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം ബൈരക്കുപ്പയിലെ 29 പേരും തമിഴ്നാട്ടില്‍ നിന്ന് 42 പേരും വയനാട്ടില്‍ ചികിത്സക്കെത്തിയിരുന്നു.