കൊറോണ: ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കി ഖത്തര്‍

single-img
6 April 2020

രാജ്യമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ വിവിധ തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകളാണ് നിയമലംഘകരെ പിടികൂടാനെത്തുന്നത്.

അല്‍ അസാസ് എന്ന് പേര് നൽകിയിട്ടുള്ള റോബോട്ട് തന്റെ കാമറക്കണ്ണുകളില്‍ ചുറ്റുപാടുകള്‍ ഒപ്പിയെടുത്ത് തൊട്ടടുത്ത പോലീസ് വാഹനത്തിലും ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും കണ്‍ട്രോള്‍ സെന്ററിലുമെത്തിക്കും. ഇവ കണ്ട ശേഷം ആവശ്യമെങ്കില്‍ പോലീസ് ഇടപെടല്‍ നടത്തും. കാരണം, പോലീസുകാരും ആളുകളുമായി നേരിട്ട് ഇടപഴകുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.

ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള എല്ലാ മേഖലകളും ഖത്തര്‍ നേരത്തെ അടച്ചിരുന്നു.നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. ജനങ്ങൾക്കായി മലയാളം ഉള്‌പ്പെടെ വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ സന്ദേശവും പോലീസ് ഡ്രോണുകളിലൂടെ നല്‍കുന്നുണ്ട്.