കൊവിഡ്-19: തന്റെ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഗൗതം ഗംഭീര്‍

single-img
2 April 2020

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണറും ഇപ്പോള്‍ ഡൽഹിയിൽ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ തന്റെ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ഡൽഹിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഈ വിവരം അറിയിച്ചത്. “രാജ്യം ഞങ്ങൾക്കായി എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ശരിയായ ചോദ്യം നിങ്ങള്‍ക്ക് രാജ്യത്തിനായി എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ്. രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്. നിങ്ങളും ഇതുപോലെ മുന്നോട്ടു വരണ”മെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ചേര്‍ന്ന് പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. എന്നാൽ ഈ തുക എത്രയെന്ന കാര്യം കോലി വെളിപ്പെടുത്തിയിരുന്നില്ല.