വെടിയും പുകയുമായിയുവതലമുറയുടെ യുദ്ധഭൂമിയിൽ ദിവസവും അഞ്ച് കോടി പേര്‍; രണ്ടാം വാര്‍ഷികം ആഘോഷിച്ച് പബ്ജി മൊബൈല്‍

single-img
1 April 2020

ഈ കൊറോണ കാലത്തും വീട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ട യുവ തലമുറക്ക് ഏറ്റവും ആശ്വാസകരമായിരുന്നത് സ്മാർട്ട് ഫോണും പബ് ജിയുമായിരിക്കും. ജനപ്രിയ സ്മാര്‍ട്‌ഫോണ്‍ ഗെയിമായ പബ്ജി മൊബൈല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ട് പബ്ജിയ്ക്ക്. നിരവധി പുതിയ ഗെയിം മോഡുകള്‍ അവതരിപ്പിക്കപ്പെട്ടു. പുതിയ പശ്ചാത്തലങ്ങളും പുതിയ ആയുധങ്ങളും ഗെയിമര്‍മാരെ പബ്ജിയില്‍ പിടിച്ചിരുത്തി.

60 കോടി പേരാണ് പബ്ജി മൊബൈല്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ അഞ്ച് കോടി പേര്‍ പ്രതിദിന ഉപയോക്താക്കളാണെന്ന് ഗെയിം ഉടമയായ ടെന്‍സെന്റ് പറയുന്നു. ഇറംഗല്‍, സാന്‍ഹോക്ക്, മിറാമര്‍, വികെന്‍ഡി തുടങ്ങിയ ഭൂപടങ്ങളില്‍ യഥാക്രമം പോചിങ്കി, ട്രെയ്‌നിങ് ബേസ്, പെകാഡോ, സ്‌പേസ് ബേസ് എന്നിവിടങ്ങളില്‍ ഇറങ്ങി കളിക്കാനാണ് ഗെയിമര്‍മാര്‍ക്ക് ഏറെ ഇഷ്ടം. മനുഷ്യര്‍ക്കൊപ്പം സോംബികളെ നേരിടുന്ന സര്‍വൈവ് ടില്‍ ഡൗണ്‍ പോലുള്ള പരീക്ഷണങ്ങളും പബ്ജിയില്‍ വന്‍വിജയമാണ്.

ബാറ്റില്‍ റൊയേല്‍ ഗണത്തില്‍ പെടുന്ന സര്‍വൈവല്‍ ഗെയിം ആണ് പബ്ജി. അതിവേഗം ജനപ്രീതിയാര്‍ജിച്ച ഗെയിം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഗെയിമിങ് അനുഭവം നല്‍കുന്നതാണ്. വിദഗ്ദരായ ഗെയിമര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.