യുഎഇ അല്ല ഒമാൻ: തൊഴിലാളികളുടെ ശമ്പളത്തിൽ കൈവയ്ക്കരുതെന്ന് സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഒമാൻ

single-img
31 March 2020

കൊറോണ കാലത്ത് ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിപ്പ് നൽകി. ജോലിക്ക് ഹാജരാകുവാൻ കഴിയാത്ത സ്വദേശികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നിർദേശം നൽകയിരിക്കുന്നത്. ചില സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

പ്രവർത്തി സമയം കുറച്ചതിനാലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നൽകിയതുമൂലവും ചില സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്നാണ് മാനവ മന്ത്രാലയം കണ്ടെത്തിയത്. ഇതോടെയാണ് കൊറോണ കാലയളവിൽ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകിയത്.

ഇതിനിടെ ഒമാനിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മുസന്ദം ഗവർണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ കഴിഞ്ഞ ദിവസം മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കുമുള്ള എല്ലാ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. .