ലോക്ക് ഡൗണ്‍ മറികടന്ന് ഡല്‍ഹിയില്‍ തൊഴിലാളികളുടെ കൂട്ട പലായനം; കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി

single-img
30 March 2020

രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ നിബന്ധനകള്‍ ലംഘിച്ച് ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ കൂട്ട പലായനം നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി.
കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തലസ്ഥാനത്തെ തൊഴിലാളികളുടെ ഇപ്പോഴുള്ള സാഹചര്യം പരിശോധിച്ച് അവര്‍ക്കായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹര്‍ജികള്‍ പരിഗണിച്ചത്.

കോടതി പ്രശ്‌നത്തില്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഭയവും പരിഭ്രാന്തിയും കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപെട്ടു.

വൈറസിന്റെ വ്യാപനം പ്രതിരോധിക്കാന്‍ തൊഴിലാളികളുടെ പലായനം തടയണമെന്നും തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷേമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സുപ്രീം കോടതി കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.