പായിപ്പാട് ഇന്നലെ സംഘം ചേര്‍ന്നവര്‍ക്കെതിരേ പൊലീസ് കേസെടുത്തു; റെയ്ഡില്‍ ക്യാമ്പില്‍ നിന്നും 20 ഫോണുകള്‍ പിടിച്ചെടുത്തു

single-img
30 March 2020

കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് കോട്ടയം ജില്ലയിലെ പായിപ്പാട് സംഘം ചേര്‍ന്നവര്‍ക്കെതിരേ പോലീസ് കേസെടുത്തു. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പോലീസ് പരിശോധന നടത്തുകയും ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ നില നില്‍ക്കുന്നതിനിടയില്‍ ഇന്നലെ രാവിലെ 11.30 യോടെ ആയിരത്തോളം വരുന്ന തൊഴിലാളികളാണ് പായിപ്പാട് കവലയില്‍ സംഘടിച്ചെത്തിയത്. റോഡില്‍ കുത്തിയിരുന്ന ഇവരെ പോലീസ് ലാത്തീവീശിയാണ് ഓടിച്ചത്. 

പിന്നാലെ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പോലീസ് രാത്രി പരിശോധന നടത്തി. 20 ലധികം മൊബൈല്‍ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിഥി തൊഴിലാളികള്‍ കുട്ടംകുടി റോഡ് ഉപരോധിച്ച സംഭവത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലുപേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്ന എട്ടാമത്തെ ജില്ലയായിട്ടാണ് കോട്ടയം മാറിയത്. 

നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നും തൊഴിലാളികള്‍ സംഘടിച്ച് എത്തിയതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനൊപ്പം മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക മടങ്ങാന്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് പ്രചരിപ്പിച്ചയാളെ അറസ്റ്റും ചെയ്തിട്ടുണ്ട്. 

ഇതിനിടയില്‍ അന്യ സംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയതായി പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശിയും യൂത്ത് കോൺഗ്രസ് സാക്കിര്‍ എന്ന 32 കാരനാണ് അറസ്റ്റിലായത്.

നിലമ്പൂരില്‍ നിന്നും ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന ശബ്ദസന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. 

ഇതിനിടെ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ 1500 ലധികം പേര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.