ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായത് ദുബായ്; പഠന റിപ്പോർട്ട് പുറത്തുവന്നു

single-img
28 March 2020

ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായി കൊവിഡ് 19 വ്യാപിക്കുവാനുള്ള കാരണമായി പ്രവര്‍ത്തിച്ച കേന്ദ്രം ദുബായിയാണെന്ന് പഠനം. ഇന്ത്യയില്‍ കൊറോണസ്ഥിരീകരിച്ചതില്‍ ഏറെപ്പേരും ദുബായിയില്‍ നിന്നെത്തിയവരിലാണെന്നും പഠനം പറയുന്നു. രാജ്യത്താകെ ഇതുവരെ 873 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 720 പേരുടെ പരിശോധനാഫലവും പോസിറ്റീവായിരുന്നു.

രോഗം ഉണ്ടായിരുന്നവരില്‍ നൂറോളം പേര്‍ എത്തിയത് ദുബായിയില്‍ നിന്നാണ്. ഇതിന് പുറമേ യൂറോപ്പില്‍ നിന്നെത്തുന്ന പ്രവാസികളും ദുബായ് വഴിയാണ് കൂടുതലും ഇന്ത്യയിലേക്ക് എത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കാതിരിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരെ സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിക്കണമെന്ന് ഗാസിയാബാദിലെ സന്തോഷ് ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. അനുപം സിംഗ് പറഞ്ഞു.

ഇദ്ദേഹം നേതൃത്വം നല്‍കിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് എത്തിയവരെ ഉടന്‍ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവര്‍ പഠനത്തിനായി കൊവിഡ്19ഇന്ത്യ.ഒആര്‍ജി വെബ്‌സൈറ്റിലെ വിവരങ്ങളാണ് അടിസ്ഥാനമാക്കിയത്.