പച്ചക്കറി വാങ്ങാൻ പോയ യുവാവിന് മർദ്ദനം, അസഭ്യവർഷം ശേഷം അറസ്റ്റും: കൊറോണയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുന്നു

single-img
27 March 2020

കൊറോണ മുൻകരുതലിന്റെ ഭാഗമായി ആളുകളെ വീട്ടിലിരുത്തുന്നതിന്റെ പേരിൽ പലയിടങ്ങളിലും പൊലീസ് അതിരുവിടുന്നതായി പരാതി. പച്ചക്കറി വാങ്ങാനിറങ്ങിയ യുവാവിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തശേഷം അറസ്റ്റ് ചെയ്തതാണ് പുതിയ സംഭവം. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശിയായ ഇസഹാഖ് എസ് ഖാൻ എന്ന യുവാവിനെയാണ് കൊട്ടിയം പൊലീസ് ഉപദ്രവിച്ചത്. ഇക്കാര്യം ഇസഹാഖ് തന്നെയാണ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്.

വീട്ടിൽ നിന്നും ഒരുകിലോമീറ്റർ അകലെയുള്ള ഉമയനല്ലൂരിലെ ഒരു കടയിൽ നിന്ന് പച്ചക്കറിയും ബിസ്ക്കറ്റും വാങ്ങി സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങവേ അപ്രതീക്ഷിതമായി പോലീസ് വണ്ടി മുന്നിൽ വട്ടമിട്ടു നിർത്തുകയും “എവിടെ പോകുവാടാ കോപ്പേ എന്ന ചോദ്യത്തോടൊപ്പം എസ്ഐ ചന്തിക്ക് ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു എന്ന് ഇസഹാഖ് ഇവാർത്തയോട് പറഞ്ഞു.

അടികൊണ്ടതിന്റെ അപമാനത്തിൽ തന്നെ അടിക്കാൻ ആർക്കും, അവകാശമില്ലെന്നും താൻ പച്ചക്കറി വാങ്ങാൻ പോയതാണെന്നും പറഞ്ഞപ്പോൾ “ഇവനെ പിടിച്ചു ജീപ്പിൽ കേറ്റ് , കേസ് എടുത്ത് റിമാൻഡ് ചെയ്യാം ഇവൻ ഈ ഇടക്ക് ഒന്നും പുറത്തിറങ്ങില്ല ”  എന്ന് പറഞ്ഞ് എസ്ഐയും പൊലീസുകാരും കൂടി ഇസഹാഖിനെ ജീപ്പിൽ വലിച്ച് കയറ്റി സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു. ജീപ്പ് സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിൽ കാണുന്നവരെയെല്ലാം പൊലീസുകാർ അസഭ്യം പറയുന്നുണ്ടായിരുന്നുവെന്നും ഇസഹാഖ് പറയുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ താൻ മാസ്ക് ആവശ്യപ്പെടുകയും പൊലീസ് അത് നൽകുകയും ചെയ്തു. സ്റ്റേഷനുള്ളിൽ വെച്ച് പൊലീസുകാർ തന്നെ “പൊലയാടി മോനെ” എന്നും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ച് തെറിപറഞ്ഞപ്പോൾ താൻ അതിനെ ചോദ്യം ചെയ്തു. ഉടൻ കുറേ പൊലീസുകാർ വട്ടം കൂടിനിന്ന് തന്നെ കയ്യേറ്റം ചെയ്യുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തുവെന്നും നിക്കർ വലിച്ചൂരാനും വൃഷണം പിടിച്ചുടയ്ക്കാനും ശ്രമിച്ചുവെന്നും ഇസഹാഖ് ആരോപിക്കുന്നു. ശേഷം മാസ്ക് വലിച്ച് കീറിയ പൊലീസ് ഇസഹാഖിനെ ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തു.

മുടിനീട്ടിവളർത്തിയതിന്റെ പേരിൽ തന്റെ കഞ്ചാവ് ഉപയോഗിക്കുന്നയാളാക്കി ചിത്രീകരിക്കാനും പൊലീസ് ശ്രമിച്ചു. എന്നാൽ താൻ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കാത്തയാളാണെന്നും ഇസഹാഖ് പറയുന്നു.

അടുത്തുള്ള കടയിലേയ്ക്കാണ് പോകുന്നതെന്നതിനാൽ താൻ മൊബൈൽ ഫോൺ വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. ബാപ്പയും ഉമ്മയും ഭാര്യയും തന്നെ കാണാതെ വിഷമിക്കും എന്ന് താൻ കരഞ്ഞ് പറഞ്ഞിട്ടും അഞ്ചുമണിക്കൂറോളം തന്നെ ലോക്കപ്പിൽ ഇട്ടിരുന്നുവെന്നും ഇസഹാഖ് പറയുന്നു. പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ നമ്പർ വാങ്ങി പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

കൊല്ലം ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച പിതാവ് എത്തിയ ശേഷമാണ് പൊലീസ് തന്നെ വിട്ടയച്ചത്. അദ്ദേഹം എത്തിയതിന് ശേഷവും തന്നെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് പലരെയും വിളിച്ചതിന് ശേഷമാണ് രണ്ടുപേരുടെ ജാമ്യത്തിൽ തന്നെ വിട്ടയച്ചത്. തന്റെ സ്കൂട്ടർ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഇസഹാഖ് പറഞ്ഞു.

എന്നാൽ ഇങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നാണ് കൊട്ടിയം സ്റ്റേഷൻ ഹൌസ് ഓഫീസർ പ്രതികരിച്ചത്. പുറത്തിറങ്ങിനടക്കുന്ന നിരവധിപേരെ ദിവസവും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അതിലൊരു സംഭവം മാത്രമാകാം ഇതെന്നും കൊട്ടിയം സിഐ ഇവാർത്തയോട് പറഞ്ഞു. അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരെ അറസ്റ്റ് ചെയ്യാൻ വകുപ്പുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ അദ്ദേഹം തയ്യാറായതുമില്ല.

അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരെ തടയില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഇത്തരം പൊലീസ് നടപടികളിലൂടെ ഉണ്ടാകുന്നതെന്ന് വ്യാപകമായ വിമർശനം ഉയരുകയാണ്. വഴിയേ പോകുന്നവരെ ലാത്തികൊണ്ടടിക്കാനും അസഭ്യം പറയാനുമുള്ള സുവർണ്ണാവസരമായി കൊറോണയെ കാണുന്നതായി പലയിടങ്ങളിലും പൊലീസ് കാണുന്നതായി പരാതി ഉയരുന്നുണ്ട്.

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങൾ ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂർ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു…

Posted by Izahaq S Khan on Thursday, March 26, 2020