കൊറോണ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ട്; പരീക്ഷണവുമായി ജയ്പൂരിലെ ആശുപത്രി

single-img
26 March 2020

കൊറോണ വൈറസ് കൂടുതലായി പടരുന്ന ഈ അവസരത്തില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിച്ചിരിക്കുകയാണ് ജയ്പൂരിലെ ആശുപത്രി. നിലവിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കം.

ഈ പരീക്ഷണം വിജയം കണ്ടാൽ ആശുപത്രികള്‍ നേരിടുന്ന വന്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് അധികൃതർ കരുതുന്നത്. ജയ്പൂരിലെ സവായ് മാന് സിങ് (എസ്എംഎസ്) സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇന്ന് റോബോട്ടിനെ ഉപയോഗിച്ചുള്ള ട്രയല്‍ നടത്തിയത്. ഇവിടെ പ്രവർത്തിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്കാണ് റോബോട്ട് സേവനം നല്‍കിയത്.

പരീക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡിഎസ് മീന പറഞ്ഞു. ‘പരമാവധി സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച് ജീവനക്കാര്‍ ആശങ്കയിലാണ്. ഭക്ഷണം , മരുന്ന് എന്നിവ നല്‍കാന്‍ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ റോബോട്ടിന്റെ സാന്നിധ്യം സഹായിക്കും’ -ഡോ. മീന പറഞ്ഞു. പ്രദേശത്തെ തന്നെ ഒരു സംരംഭകനാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ നിര്‍മ്മിച്ചത്.