മുട്ട വാങ്ങാൻ പത്തു കിലോമീറ്റർ താണ്ടി എത്തിയവരെ കണ്ട് അന്തം വിട്ട് യതീഷ് ചന്ദ്ര

single-img
25 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടും നിർദേശങ്ങൾ ലം​ഘിച്ച് നിരത്തിലിറങ്ങുന്നവർ അനവധിയാണ്. ഇവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നിർദേശം. അതിനിടെ കഴിഞ്ഞ ദിവസം  കണ്ണൂരിൽ മുട്ട വാങ്ങാനും പാല് വാങ്ങാനും അഞ്ചും പത്തും കിലോമീറ്റർ പോകുന്നവരെ കണ്ട് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര അന്തംവിട്ടു. 

ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കിറങ്ങിയപ്പോഴാണ്  കാറിലും ബൈക്കിലും കറങ്ങുന്ന വിരുതന്മാരെ എസ്പി കൈയോടെ പിടികൂടിയത്. എന്തിനാണ് പുറത്തിറങ്ങിയതെന്ന് ഇവരോട് ചോദിച്ചപ്പോഴാണ് അരി വാങ്ങാൻ, മുട്ടയും പാലും വാങ്ങാൻ തുടങ്ങിയ മറുപടി കിട്ടിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് മിക്കവരുടെയും വീട് കിലോമീറ്ററുകൾ അകലെയാണെന്ന് മനസ്സിലായതെന്ന് എസ്പി പറയുന്നു. 

കോവിഡ് വ്യാപിക്കുന്നത് തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇങ്ങനെ നിസ്സാര കാരണം പറഞ്ഞ് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഇതു സംബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോ  സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.

എല്ലാവർക്കും പുറത്തിറങ്ങാൻ കാരണം കാണുമെങ്കിലും അതൊക്കെ ഒഴിവാക്കണം. വീട്ടു നിരീക്ഷണം നിർദേശിക്കപ്പെട്ടവർ നിയന്ത്രണം ലംഘിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാരെ പിടികൂടി ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുമെന്നും എസ്പി അറിയിച്ചു.