കേരളാ ധനമന്ത്രി കൊറോണയെക്കാള്‍ വലിയ ദുരന്തം; പരിഹാസവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍

single-img
24 March 2020

സംസ്ഥാന ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ ധനമന്ത്രി കൊറോണയെക്കാള്‍ വലിയ ദുരന്തമാന്ന് മുരളീധരൻ പറഞ്ഞു.കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണം എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആവശ്യത്തെ മുൻനിർത്തിയാണ് വി മുരളീധരൻ പരിഹസിച്ചത്.

മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും താൻ അത് വിശ്വസിച്ചിട്ടില്ല. എന്ന് മുരളീധരൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല എന്നാണ് ധനമന്ത്രിയുടെ ആവലാതി. ഒരു കാര്യം ചോദിക്കട്ടേ പ്രിയപ്പെട്ട ഐസക്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളത് എന്നും വി മുരളീധരൻ ചോദിക്കുന്നു.