കൊവിഡ് 19: പത്രങ്ങളുടേതും മാഗസിനുകളുടേതും ഉള്‍പ്പെടെ എല്ലാ അച്ചടി മാധ്യമങ്ങളുടെയും പ്രിന്റിങ് ഒമാനില്‍ നിര്‍ത്തിവെക്കുന്നു

single-img
22 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ പത്രങ്ങളുടേതും മാഗസിനുകളുടേതും ഉള്‍പ്പെടെ എല്ലാത്തരം അച്ചടി മാധ്യമങ്ങളുടെയും പ്രിന്റിങ് നിര്‍ത്തിവെക്കാൻ തീരുമാനം. മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്ന് പ്രസിദ്ധീകരിക്കുന്നവയുടെ വിതരണത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേപോലെ തന്നെ രാജ്യത്ത് പൊതുസ്ഥലങ്ങളിലെ എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം തന്നെ എല്ലാ മണി എക്സ്ചേഞ്ച് സെന്ററുകളും അടച്ചുപൂട്ടുകയും പകരം ബാങ്കുകള്‍ വൈറസ് വ്യാപനം തടയുന്നതിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് എക്സ്ചേഞ്ച് സേവനങ്ങള്‍ നൽകുകയും ചെയ്യും.

കൊറോണ സംബന്ധിച്ച കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. പുതിയ നിർദ്ദേശ പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജവനക്കാരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തും. മറ്റുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ വരാതെ വീടുകളിലിരുന്ന് ജോലി ചെയ്യും. വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരിമിതപ്പെടുത്തുകയും പകരം ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണം.