കെെയടിച്ചാൽ വെെറസ് ചാകില്ല: മോഹൻലാലിൻ്റെ പ്രസ്താവനയ്ക്കു പിന്നാലെ സത്യം വെളിപ്പെടുത്തി കേന്ദ്രസർക്കാർ

single-img
22 March 2020

ഒരുമിച്ച് കൈയടിച്ചാല്‍ കൊറോണവൈറസിനെ തടയാൻ കഴിയില്ലെന്നു കേന്ദ്രസർക്കാർ. ഒരുമിച്ച് കൈയടിച്ചാലുണ്ടാകുന്ന തരംഗം കൊറോണവൈസ് അണുബാധയെ നശിപ്പിക്കില്ല. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൈയടിക്കാന്‍ പറഞ്ഞത് നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന അടിയന്തര മേഖലകളിലുള്ളവരോട് നന്ദി പ്രകടിപ്പിക്കാനാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് കൊറോണ ബാധയ്ക്കിടയിലും പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം ജനങ്ങളെ ആദരിക്കുന്നതിനായി ജനതാ കര്‍ഫ്യുവിനിടയില്‍ അല്പസമയം മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, റെയില്‍വേ-വിമാന ജോലിക്കാര്‍, പോലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥസേവനങ്ങള്‍ക്ക് ജനങ്ങളുടെ ആദരം നല്‍കണം. ഇതിനായി ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് അഞ്ചു മിനിറ്റ് സമയം നീക്കിവെക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 

വീട്ടിനുള്ളിലോ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോനിന്ന് കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങളില്‍ കൊട്ടിയോ അവരോട് നന്ദി പറയണം. ഈ സമയം സൂചിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ സൈറണ്‍ മുഴക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.