കൊറോണ ഭീതി; കൊല്‍ക്കത്തയിലെ സെൻട്രൽ ജയിലില്‍ തടവുകാരും അധികൃതരും തമ്മില്‍ സംഘർഷം; തീവെപ്പ്

single-img
21 March 2020

കൊറോണ ഭീതിയിൽ പശ്ചിമബംഗാൾ തലസ്ഥാനമായ കൊല്‍ക്കത്തയിലെ ജയിലില്‍ തടവുകാരും ജയില്‍ അധികൃതരും തമ്മില്‍ ഏറ്റുമുട്ടി. വടക്കന്‍ കൊല്‍ക്കത്തയിൽ പ്രവർത്തിക്കുന്ന ദുദുംദും സെന്‍ട്രല്‍ ജയിലിലാണ് പ്രശ്‌നങ്ങളുണ്ടായത്. രാജ്യമാകെ കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും തടവുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഈ ആവശ്യം ജയില്‍ അധികൃതര്‍ നിരസിച്ചതോടെ ഒരുവിഭാഗം തടവുകാര്‍ അധികൃതര്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടു. ഇതിൽ അധികൃതര്‍ക്കും തടവുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ജയിലിന്റെ ഒരുഭാഗം തീവെച്ച് നശിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

നിലവിൽ വൈറസ് ബാധിച്ചിട്ടുള്ളവർ ജയിലില്‍ ഉണ്ടാകാമെന്നും തങ്ങളെ കൂട്ടമായി ജയിലില്‍ പാര്‍പ്പിക്കരുതെന്നും അടിയന്തരമായി ഇടക്കാല ജാമ്യം വേണമെന്നുമാണ് തടവുകാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തടവുകാര്‍ കുടുംബാംഗങ്ങളെ കാണുന്നത് മാര്‍ച്ച് 31വരെ നിര്‍ത്തിവെച്ചിരുന്നു. നിലവിൽ ജയിലിലെ സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് വകുപ്പ് മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.