കൊറോണ രോഗികളുമായി സമ്പർക്കം: രണ്ടു എംഎൽഎമാർ നിരീക്ഷണത്തിൽ

single-img
20 March 2020

കൊറോണ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ  എംഎല്‍എമാരാണ് നിരീക്ഷണത്തിലാക്കിയത്. ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എന്നീ എംഎല്‍എമാരാണ് നിരീക്ഷണത്തിലുള്ളത്. കാസര്‍കോട് കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വ്യക്തമായതിനെതുടർന്നാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്. 

കല്യാണ ചടങ്ങില്‍ വെച്ച് മഞ്ചേശ്വരം എംഎല്‍എ കോവിഡ് രോഗിക്ക്  ഹസ്തദാനം നല്‍കിയിരുന്നതായും സൂചനകളുണ്ട്. കാസര്‍കോട്ടെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎല്‍എമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. ഇരുവരും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. 

ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് വ്യക്തമാക്കി.