ജനങ്ങളെ കൊല്ലുന്ന വ്യാജ ചികിത്സയ്ക്ക് അവസാനം: വ്യാജവെെദ്യൻ മോഹനന് ഇനി വിയ്യൂർ ജയിലിൽ കിടന്നു `ചികിത്സ´

single-img
20 March 2020

കോവിഡിനും ക്യാന്‍സറിനും ചികിത്സ നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജവൈദ്യന്‍ ചേര്‍ത്തല സ്വദേശി മോഹനൻ  റിമാന്‍ഡിലായി. വഞ്ചന, ആള്‍മാറാട്ടം, യോഗ്യതയില്ലാത്ത വ്യാജ ചികിത്സ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പീച്ചി പൊലീസ് എടുത്ത കേസില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

വ്യാജ ചികിത്സ നടത്തി കായംകുളത്ത് ഒന്നരവയസുകാരി മരിക്കാനിടയായത് ഉള്‍പ്പെട ഒട്ടേറെ കേസില്‍ പ്രതിയായ വൈദ്യര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തള്ളിയത്. മോഹനൻ്റെ ജാമ്യഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. 

ഇയാളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പീച്ചി എസ്‌ഐ വിപിന്‍ നായര്‍ പറഞ്ഞു. പരബ്രഹ്മ ആയൂര്‍വേദ സെന്ററിന്റെ നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ഷൈനിനെതിരെയും കേസെടുത്തു.

പട്ടിക്കാട് രായിരത്ത് റിസോര്‍ട്ടിലെ പരബ്രഹ്മ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സക്കെത്തുന്ന ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം മതിലകം സ്വദേശി ബിന്ദുനിവാസില്‍ മോഹനനെയാണ് പീച്ചി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഡിഎംഒ ഡോ. കെകെ റീന, അസി. പൊലീസ് കമ്മീഷണര്‍ വികെ രാജു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് ബോധ്യമായത്. എവിടെയെല്ലാം ചികിത്സ നടത്തിയെന്ന് അന്വേഷിക്കുമെന്നും നടപടികൾ കെെക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.