ഇന്ത്യയില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ; നിർഭയ കേസിലെ പ്രതികൾക്കായി തൂക്കുമരം ഒരുങ്ങി

single-img
19 March 2020

ഡൽഹി: നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാൻ ഇനിയൊരു പകൽ മാത്രം ബാക്കി. വെള്ളിയാഴ് രാവിലെ 5.30. സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച ചരിത്രം ആവര്‍ത്തിക്കപ്പെടും. ഒരു കേസില്‍ നാല് കുറ്റവാളികള്‍ ഒരേ സമയം തൂക്കിലേറ്റപ്പെടും.വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ അവസാനവട്ട ശ്രമങ്ങൾ സജീവമാണ്. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ശേഷിക്കേ 4 ‌പ്രതികളിൽ 3 പേർ നൽകിയ വിവിധ ഹർജികൾ ബാക്കിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മരണവാറന്റ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ വിചാരണക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തുകയായിരുന്നു.ശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്നായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ വാദിച്ചത്.അഡീഷനൽ സെഷൻസ് ജ‍ഡ്ജി ധർമേന്ദ്ര റാണ ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ മറുപടി തേടിയിട്ടുണ്ട്. ഹ‌‌ർജി ഇന്നു പരിഗണിക്കും.

നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കിയിരുന്നു.വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നാടകീയ നീക്കങ്ങൾ ഇനിയും പ്രതീക്ഷിക്കാം.