ദുബായിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്; സാക്ഷി വിചാരണ അടുത്തമാസം തുടരും

single-img
17 March 2020

ദുബായിൽവെച്ച് കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി വിദ്യാ ചന്ദ്രനെ (40) ഭർത്താവ് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഏപ്രിൽ രണ്ടിന് തുടരും. തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ആണ് വിദ്യയെ കൊലചെയ്തത്. വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജറായ കേസിലെ ഒന്നാം സാക്ഷിയെ ഏപ്രില്‍ രണ്ടിന് വിസ്തരിക്കും.

പ്രതിഭാഗത്തിനായി കോടതിയില്‍ ഹാജരാകുന്നത് അഭിഭാഷകരായ മീറാ അലി അൽ ജല്ലാഫ് ലോയേഴ്സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്സ് ആണ്. ഈ വര്‍ഷം ഫെബ്രുവരി 13ന് ആരംഭിച്ച കേസിന്റെ വിചാരണ തിങ്കളാഴ്ച ദുബായ് കോടതിയിൽ നടന്നു. അന്ന് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിച്ചത്.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നു. ഓണം ആഘോഷിക്കുന്നതിനായി വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ അൽഖൂസിലെ കമ്പനി പാർക്കിങ്ങിലായിരുന്നു സംഭവം.

കൊല ചെയ്ത ശേഷം കടന്നുകളഞ്ഞ യുഗേഷിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയിരുന്നു. യുഗേഷിന് തന്റെ ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്.