ജുഡീഷ്യറി തലപ്പത്തു നിന്ന് നിയമ നിർമാണ സഭയിൽ ആദ്യമെത്തുന്ന ആളൊന്നുമല്ല ഗോഗോയ്: കോൺഗ്രസും സിപിഎമ്മും ഇക്കാര്യത്തിൽ മോശവുമല്ല

single-img
17 March 2020

അങ്ങനെ റിട്ട. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലെത്തിയ വാർത്ത വൻ വിവാദത്തിലേക്ക് വഴിവച്ചിരിക്കുകയാണ്. ഗൊഗോയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി കഴിഞ്ഞു. നീതി നിർവഹണ സംവിധാനത്തിൽ വിട്ടുവീഴ്ചകൾ ചെയ്തതിൻ്റെ ഫലമാണ് രഞ്ജിൻ ഗോഗോയിക്കു പ്രസ്തുത സ്ഥാനം ലഭിക്കുവാൻ കാരണമായതെന്ന് വാദവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. എന്നാൽ ജുഡീഷ്യറി തലപ്പത്തു നിന്ന് നിയമ നിർമാണ സഭയിൽ ആദ്യമെത്തുന്ന ആളൊന്നുമല്ല ഗോഗോയ് എന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവർത്തകനായ ബി ദിലീപ് കുമാർ. 

ഇക്കാര്യത്തിൽ ബിജെപി മാത്രമല്ല, കോൺഗ്രസ്സും സിപിഎമ്മും ഒട്ടും മോശമല്ലെന്ന് തെളിവുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ അവസരത്തിൽ പ്രസക്തം ന്യായാധിപർക്ക് വിരമിച്ച ശേഷം പദവി നൽകരുതെന്ന അരുൺ ജെയ്റ്റ്ലിയുടെ വാക്കുകളാണെന്നും ദിലീപ് കുമാർ പറയുന്നു. 

ബി ദിലീപ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

അങ്ങനെ റിട്ട. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലെത്തി. ഒട്ടും അത്ഭുതമില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നു കരുതുന്നവരുണ്ട്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടുതാനും .എന്നാൽ ജുഡീഷ്യറി തലപ്പത്തു നിന്ന് നിയമ നിർമാണ സഭയിൽ ആദ്യമെത്തുന്ന ആളൊന്നുമല്ല ഗോഗോയ് .

1983ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ജസ്റ്റിസ് ബെഹറുൽ ഇസ്ലാം വിരമിച്ചപ്പോൾ ഇന്ദിരാഗാന്ധി ഇരുത്തിയത് രാജ്യസഭയിലാണ്. അന്നത്തെ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര നടത്തിയ പട്ന അർബൻ സഹകരണ ബാങ്ക് അഴിമതിയിൽ ക്ലീൻ ചിറ്റ് നൽകിയതിന് ഉപകാര സ്മരണയെന്നൊക്കെ പ്രതിപക്ഷം പാടി നടന്നു. പക്ഷേ ‘ഇന്ദിരയാണിന്ത്യ ഇന്ത്യയാണിന്ദിര ‘ എന്നായിരുന്നു അന്ന് സ്തുതി പാഠകരുടെ മുദ്രാവാക്യം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ് മിശ്രയെ 1998 ൽ കോൺഗ്രസ് രാജ്യസഭാംഗമാക്കി. 84 ലെ സിഖു വിരുദ്ധ കലാപ റിപ്പോർട്ടിൽ കോൺഗ്രസിന് വേണ്ടപ്പെട്ടവർക്ക് ക്ലീൻ ചിറ്റ് നൽകിയതിന് മംഗളപത്രമാണ് രാജ്യസഭാംഗത്വം എന്ന് അന്നും പലരും പാടി നടന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ കേരള ഗവർണറായി നിയമിച്ചത് ഒന്നാം മോദി സർക്കാരാണ്. വിരമിക്കുന്ന ന്യായാധിപർക്ക് പദവി നൽകരുതെന്നും അവർ ആ പദവി കണ്ടാണ് പല വിധിയും പറയുക എന്ന് പതിവായി പറഞ്ഞിരുന്ന അരുൺ ജെയ്റ്റ്ലി ആയിരുന്നു ജ .സദാശിവം പപ്പനാവൻ്റെ മണ്ണിലേക്ക് വരുമ്പോൾ കേന്ദ്ര നിയമ മന്ത്രി.

1957ലെ ആദ്യ കേരള മന്ത്രിസഭയിൽ അതായത് ഇ എം എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു വി ആർ കൃഷ്ണയ്യർ. വിമോചന സമരവും മന്ത്രിസഭയുടെ പിരിച്ചുവിടലും ഒക്കെ കഴിഞ്ഞ് അധികം വൈകാതെ ജസ്റ്റിസ് കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായി. പ്രധാനമന്ത്രി പ്രതാപിയായ ഇന്ദിരാഗാന്ധിയും .ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ശരിവെച്ചും ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നുമുള്ള അങ്ങുമിങ്ങും തൊടാത്ത വിധി സ്വാമി പുറപ്പെടുവെച്ചെങ്കിലും അടിയന്തരാവസ്ഥക്ക് വഴിയൊരുക്കിയത് ഈ വിധിയായിരുന്നു.

കേരള ,ഗുജറാത്ത് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യം പോറ്റി 89 ൽ എറണാകുളത്ത് സി പി എം സ്ഥാനാർത്ഥിയായിരുന്നു.

സുപ്രീം കോടതി ജഡ്ജിയായിരുന്ന മലയാളി ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായതും ചരിത്രം

രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈൻ അന്തരിച്ച കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു എം ഹിദായത്തുള്ള. മുമ്പ് കേരള ഗവർണറായിരുന്ന വി വി ഗിരി അന്ന് ഉപരാഷ്ട്രപതിയും.സാക്കിർ ഹുസൈൻ അന്തരിച്ചപ്പോൾ ഉപരാഷ്ട്രപതി വി വി ഗിരിക്കായി രാഷ്ട്രപതിയുടെ ചുമതല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി വി ഗിരി ഉപരാഷ്ട്രപതി പദം രാജി വെച്ചതോടെ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളക്ക് രാഷ്ട്രപതിയുടെ താൽക്കാലിക ചുമതല കിട്ടി. പിന്നീട് വിരമിച്ച ശേഷം സർവ സമ്മതനായി ഹിദായത്തുള്ള ഉപരാഷ്ട്രപതിയുമായി.

ഇന്ദിരാഗാന്ധി സർക്കാരിൻ്റെ കാലത്ത് സീനിയോറിറ്റി പ്രകാരമുള്ള ചീഫ് ജസ്റ്റിസ് പദവി കിട്ടാതെ വന്നപ്പോൾ സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവെച്ച ജസ്റ്റിസ് KS ഹെഗ്ഡെ 77 ൽ ബാംഗ്ലൂർ സൗത്തിൽ നിന്ന് ജനതാ പാർട്ടി ടിക്കറ്റിൽ ജയിച്ച് ലോക്സഭാ സ്പീക്കറായി,

ഇങ്ങനെ പലരുമുണ്ട് പൂർവ സൂരികളായി.

പലതിനും കൈയകലമില്ലാത്ത ബന്ധമുണ്ട്.

ന്യായാധിപർക്ക് വിരമിച്ച ശേഷം പദവി നൽകരുതെന്ന അരുൺ ജെയ്റ്റ്ലിയുടെ വാക്കുകളാണ് എന്നും പ്രസക്തം .പക്ഷേ പൂച്ചയ്ക്കാരും മണി കെട്ടില്ലെന്നു മാത്രം.

അങ്ങനെ റിട്ട. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലെത്തി. ഒട്ടും അത്ഭുതമില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നു…

Posted by B Dileep Kumar on Monday, March 16, 2020