‘ആ കുട്ടി അത് ചെയ്യുവാണെങ്കില്‍ നമുക്ക് ഉടനെ ചെയ്യാം’; ലാലേട്ടന്‍ അങ്ങനെ പറഞ്ഞു, 12 മണിക്കൂറില്‍ താന്‍ സംവിധായകനായെന്ന് പൃഥ്വിരാജ്

single-img
13 March 2020

താന്‍ സംവിധായകനായതിനു പിന്നിലെ കഥ പറഞ്ഞ് പൃഥ്വിരാജ്. ലൂസിഫര്‍ സംവിധാനം ചെയ്തതിനു പിന്നാലെ താന്‍ സെറ്റുകളില്‍ ഭയങ്കര വ്യതസ്ഥനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.അത് ലാലേട്ടന്‍ കാരണമാണെന്ന് പൃഥ്വിരാജ് പറയുന്നു.

ലൂസിഫര്‍ സംവിധാനം ചെയ്തപ്പോഴാണ് എനിക്ക് മനസിലായത് സംവിധായകനോട് ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന്. ലാലേട്ടന്‍ തനിക്ക് തന്ന വിശ്വാസവും സ്വാതന്ത്ര്യവുമാണ് തന്നെ വച്ച് സിനിമയെടുക്കുന്ന മേയ്ക്കേഴ്സിന് ഇനി നല്‍കുക എന്നും പൃഥ്വി വ്യക്തമാക്കി. ഒരു അവാര്‍ഡ് നിശയിലായിരുന്നു താരം ലൂസിഫറിനു പിറകിലെ കഥപറഞ്ഞത്. മോഹന്‍ലാലിന്റെ ഒറ്റ വാക്കില്‍ 12 മണിക്കൂറുകൊണ്ട് താന്‍ സംവിധായകനായെന്നും പൃഥ്വി പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകള്‍;

‘2019ല്‍ ഏറ്റവുമധികം ജനപ്രീതി നേടിയ, ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ പോയി കണ്ട സിനിമയുടെ സംവിധായകന്‍ ഞാന്‍ ആണെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. ഞാനൊരു സംവിധായകനായതിന് പിന്നിലെ ഏറ്റവും വലിയ കാരണക്കാരന്‍ മുരളി ഗോപിയാണ്. അദ്ദേഹമാണ് മനസിലെ വലിയൊരു ചിന്ത പറയുന്നതും, രാജു ഡയറക്‌ട് ചെയ്യുമോ എന്ന് എന്നോട് ചോദിക്കുന്നതും. അന്ന് രാത്രി ഞാന്‍ അറിയാതെ, മുരളി ശ്രീ ആന്റണി പെരുമ്ബാവൂരിനെ വിളിക്കുകയായിരുന്നു. അദ്ദേഹം ഒരു അഭിപ്രായം ഫോണില്‍ കൂടി പറയുകയല്ല ചെയ‌്തത്. നെക്‌സ്‌റ്റ് ഡേ ഹൈദരാബാദിലേക്ക് നേരിട്ട് വന്ന് എന്നെ കാണുകയായിരുന്നു. ‘നമ്മള്‍ ഈ സിനിമ ചെയ്യുന്നു, പക്ഷേ ഒരു മിനിട്ട്’ എന്നു പറഞ്ഞ് അവിടെ വച്ച്‌ ഫോണ്‍ വിളിച്ച്‌ ലാലേട്ടനെ കണക്‌ട‌് ചെയ്‌തു. ‘സാര്‍ ഇത് പൃഥ്വിരാജ് ഡയറക്‌ട് ചെയ്യും’. ലാലേട്ടന്റെ റിയാക്ഷന്‍ ‘എന്താ…’ എന്നാകാമെന്നാണ് ഞാന്‍ വിചാരിച്ചത്. ലാലേട്ടന്‍ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ‘ആ കുട്ടി അത് ചെയ്യുവാണെങ്കില്‍ നമുക്ക് ഉടനെ ചെയ്യാം’ എന്നാണ് പറഞ്ഞത്. അങ്ങനെ 12 മണിക്കൂറിനുള്ളില്‍ സംവിധയകനായ ആളാണ് ഞാന്‍.

ലാലേട്ടന്‍ എനിക്ക് തന്ന ഒരു ട്രസ്‌റ്റുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് ഇന്നത്തെ കാലത്ത് മോഹന്‍ലാല്‍ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച്‌ എനിക്ക് തന്നു. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ലാലേട്ടനെ ഡയറക്‌ട് ചെയ്‌തതില്‍ പിന്നെ ഞാന്‍ ഭയങ്കര ഡിഫറന്റാണല്ലോ അഭിനയിക്കുന്ന സെറ്റുകളിലെന്ന്. ദാറ്റ് ബികോസ് ഒഫ് ഹിം. കാരണം ലൂസിഫര്‍ ഡയറക്‌ട് ചെയ്‌തപ്പോഴാണ് എനിക്ക് മനസിലായത് ഹൗ ഷുഡ് ആന്‍ ആക്‌ടര്‍ ബി വിത്ത് ദ മേക്കര്‍’ (സംവിധായകനോട് ഒരു നടന്‍ എങ്ങനെ ആയിരിക്കണം) എന്ന്. ലാലേട്ടന്‍ എനിക്ക് തന്ന ട്രസ്‌റ്റും ലിബേര്‍ട്ടിയുമാണ്, ഞാന്‍ ഇനി എന്നെ വച്ച്‌ സിനിമയെടുക്കുന്ന മേയ്‌ക്കേഴ്‌സിന് നല്‍കുക. ഒരു സൂപ്പര്‍ സ്‌റ്റാര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും എമ്ബുരാനിലൂടെ ലാലേട്ടന് ഞാന്‍ തിരികെ നല്‍കുക’.