ഗോമൂത്രവും ചാണകവും യുപിയിൽ പാഴായി പോകാൻ പാടില്ല; വാണിജ്യവത്കരിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്‌

single-img
13 March 2020

ഉത്തർപ്രദേശിൽ യുവാക്കൾക്കായി പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും വാണിജ്യവത്കരിക്കാനൊരുങ്ങുകയാണ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. “ഗോമൂത്രം, ചാണകം എന്നിവയിൽ നിന്നും ഉത്പന്നങ്ങൾഉണ്ടാക്കുകയും അവ ചെറുകിട വ്യവസായം വഴി വിപണിയിൽ എത്തിക്കാൻ സാധിക്കുകയും ചെയ്‌താൽ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും.

ഇത് വളരെ നല്ല ഒരു അവസരമാണ്. ഗോമൂത്രവും ചാണകവും ഉത്തർപ്രദേശിൽ ഇനി പാഴായി പോകാൻ പാടില്ല”. സംസ്ഥാനത്തെ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ടെവേലോപ്മെന്റ്റ് ആൻഡ് ലേബർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വിഭാഗത്തിന്റെ കൗശൽ സത്രങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യോഗി പറഞ്ഞു.

യുപിയിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചതോടെ സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ എണ്ണം വല്ലാതെ കൂടിയിരുന്നു.നിലവിൽ സംസ്ഥാന സർക്കാർ നിർമിച്ച പശുത്തൊഴുത്തുകളിൽ നിന്നും പുതിയ വാണിജ്യപദ്ധതിക്കുവേണ്ട അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാനാണ് യോഗിയുടെ തീരുമാനം. ബിജെപിയുടെ ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി വിജയ് ബഹാദൂർ പഥക് മുഖ്യമന്ത്രിയെ പ്രശംസിച്ച് മുന്നോട്ടുവരികയുണ്ടായി.

‘’പശു നൽകുന്ന ചാണകവും ഗോമൂത്രവും പാലും അസുഖങ്ങളെ ശമിപ്പിക്കും. നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിൽ ആളുകൾ ഇന്നും ചാണകം വീട് മെയ്യാൻ ഉപയോഗിക്കുന്നു. അതിനെല്ലാം പുറമെ ഹിന്ദുക്കൾ ഗോമൂത്രം ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നവരുമാണ്.’’- വിജയ് ബഹാദൂർ പറഞ്ഞു.