‘തുപ്പൽ പുരട്ടി പന്തെറിയണ്ട: കൊറോണ പേടിയിൽ പുതിയ തീരുമാനവുമായി ഇന്ത്യ

single-img
11 March 2020

ധരംശാല: കൊറോണ വൈറസ് ഭീതി കായികലോകത്തും പടർന്നു പിടിച്ചിരിക്കുകയാണ്. മത്സരങ്ങൾ ഒഴിവാക്കിയും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചുമാണ് കായിക ലോകെ കൊറോണ ഭീതിയെ നേരിടുന്നത്. കൊറോണ വെെറസ് ഭീതിനിലനിൽക്കുന്നതിനാല്‍ ക്രിക്കറ്റ് ലോകത്തും മുൻ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ശ്രീലങ്കക്കെതിരെ ഹസ്തദാനം ഒഴിവാക്കി ടീം ഇം​ഗ്ലണ്ടാണ് ആദ്യഘട്ട കരുതൽ നടപടികളിലേക്ക് കടന്നത്. ഇതിനു പിന്നാലെ മറ്റു ടീമുകളും ഇതേ രീതിയുമായി മുന്നോട്ടു വന്നിരുന്നു.ഇതിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനം നടത്തേണ്ടതില്ലെന്നാണ് ദക്ഷിണാഫ്രിക്കൻ ടീം തീരുമാനിച്ചിരുന്നു എന്നാൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണു ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

നാളെ ധരംശാലയിലും 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ. ഈ മത്സരങ്ങളിൽ പന്തിൽ ഉമിനീർ പുരട്ടുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ഇന്ത്യൻ താരങ്ങൾ ആലോചിക്കുന്നത്. ഉമിനീരു പന്തിൽ പുരട്ടുന്നതു വഴി രോഗം പടരാനുള്ള സാധ്യത പരിഗണിച്ചാണു നീക്കം. പന്തിനു തിളക്കം കൂട്ടാൻ ബോളർമാർ വർഷങ്ങളായി പിന്തുടരുന്ന ശീലമാണു പന്തില്‍ ഉമിനീർ പുരട്ടുകയെന്നത്.‌‌ തീരുമാനത്തോട് പൂർണമായി യോജിക്കുന്നുവെന്ന് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ പറഞ്ഞു. കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനു മുൻപു മാധ്യമങ്ങളെ കണ്ടപ്പോൾ ഭുവനേശ്വർ കുമാർ പറഞ്ഞു.എന്നാൽ കൊറോണ ഭീഷണിയുള്ളതുകൊണ്ടുതന്നെ മത്സരം കാണാൻ എത്ര പേർ ധരംശാലയിൽ എത്തും എന്ന കാര്യവും കാത്തിരുന്നു കാണേണ്ടതാണ്. മത്സരങ്ങൾ മാറ്റി വയ്ക്കേണ്ടതില്ലെന്നും സുരക്ഷാനടപടികള്‍ സ്വീകരിച്ചാൽ മതിയെന്നുമാണ് ബിസിസിഐ തീരുമാനം.

അതേസമയം ഓസ്ട്രേലിയ– ന്യൂസീലൻഡ് ഏകദിന പരമ്പരയിൽ താരങ്ങൾ ഹസ്തദാനം നടത്തുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാനിറ്റൈസറുകൾ ഇഷ്ടം പോലെ കിട്ടാനുള്ളപ്പോൾ ഹസ്തദാനം നൽകുന്നതിൽ തെറ്റില്ലെന്ന് ലാംഗർ ചൂണ്ടിക്കാട്ടി. കൊറോണ ഭീതിയെത്തുടർന്ന് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ക്രിക്കറ്റ് ടീമുകൾ ഹസ്തദാനം ഉപേക്ഷിച്ചിരുന്നു.