കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

single-img
9 March 2020

കേരളത്തിൽ വീണ്ടും കൊവിഡ് 19 (കൊറോണ) സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ പി കെ സുധീര്‍ ബാബു നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‍സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

രോഗബാധ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ 7 പേർ നിരീക്ഷണത്തിലാണ്. അതോടൊപ്പം തന്നെ നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാർത്ഥനാ ചടങ്ങുകളായ കുമ്പസാരം, കൈവെപ്പ് ശുശ്രൂഷ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നാവിന് പകരം കൈകളിലായിരിക്കും നടത്തുക. പള്ളിയില്‍ നടത്തുന്ന ശുശ്രൂഷകള്‍ കോട്ടയം സെന്‍റ് ആന്‍റണീസ് ചര്‍ച്ച് എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാകുന്നതായിരിക്കും.