അഞ്ചു പൈസ ചെലവില്ലാതെ ശമ്പളം നൽകാനൊരു വഴി: സർക്കാർ ജീവനക്കാരന്റെ രണ്ടുവർഷം മുമ്പുള്ള പോസ്റ്റ് ഉയർത്തിയെടുത്ത് സോഷ്യൽ മീഡിയ

single-img
4 March 2020

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്കും സര്‍ക്കാരിലേക്ക് ശമ്പളം അടയ്ക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല.ദുരിതാശ്വാസത്തിനായാലും മറ്റെന്തിനായാലും പണം തിരിച്ചു നല്‍കേണ്ട സാഹചര്യവും വന്നാല്‍ ലോണുകളും പ്രാരാബ്ധങ്ങളുമാകും പലരുടേയും മറുപടി.

എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്രദമാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അഞ്ചു പൈസ ചെലവില്ലാതെ ശമ്പളം നല്‍കാനുള്ള വഴി പറയുന്ന സര്‍ക്കാര്‍ ജീവനക്കാരനായ ഉമേഷ് വള്ളിക്കുന്നിന്റെ രണ്ടുവര്‍ഷം മുമ്പുള്ള പോസ്റ്റ് ഉയര്‍ത്തിയെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

1. വസ്തുത:

സർക്കാർ ജോലി കിട്ടിയിട്ട് ഡിസംബറിൽ 15 വർഷം തികയും. മൂവായിരത്തി അമ്പത് രൂപയായിരുന്നു അന്ന് അടിസ്ഥാന ശമ്പളം. ഇന്നിപ്പോഴത് മുപ്പത്തിമൂവായിരത്തി ഒരുനൂറ്‌ രൂപയാണ്.

മിക്ക സർക്കാർ ഉദ്യോഗസ്ഥർക്കുമെന്നത് പോലെ ലോണുകളുണ്ട്. പിടിക്കാനുള്ളതൊക്കെ പിടിച്ചു വരുമ്പോൾ ചില മാസം മൈനസ് പോലും ആവാറുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം ആദ്യമേ കൊടുത്തു. ശമ്പളത്തിൽ നിന്ന് ഇനിയും കൊടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. പത്തുമാസം കൊണ്ടായാൽ പോലും. പക്ഷേ,

2. ചിന്ത ഒന്ന്:

എന്റെ സാമ്പത്തിക പ്രയാസങ്ങളിൽ സർക്കാരിനോ, പൊതുജനങ്ങൾക്കോ എന്തെകിലും ഉത്തരവാദിത്തം ഉണ്ടോ?
സർക്കാർ കൃത്യം ശമ്പളം കൃത്യം ഒന്നാം തീയ്യതി തരുന്നുണ്ടല്ലോ. ലോണുകളെടുത്തത് എന്റെ മാത്രം ആവശ്യങ്ങൾക്കല്ലേ? നാട് നന്നാക്കാനോ, സർക്കാരിനെ സേവിക്കാനോ അല്ലല്ലോ. പത്തോ ഇരുപതോ മുപ്പതോ ആയിരങ്ങൾ മാസം തോറും ലോണടക്കുന്നുണ്ടെങ്കിൽ അത് ആ തുകയുടെ അമ്പതോ അറുപതോ നൂറോ ഇരട്ടി തുക പണ്ടേ ഞാൻ വാങ്ങിയതുകൊണ്ടല്ലേ? സർക്കാർ മാസം തോറും ശമ്പളം കൃത്യമായി തരും എന്നുറപ്പു കൊടുത്തത് കൊണ്ടല്ലേ സൊസൈറ്റിയായാലും ബാങ്കായാലൂം കടം തന്നത്? ആ തുക കൊണ്ടു സ്ഥലം വാങ്ങുകയോ വീട് വെക്കുകയോ ചെയ്തിട്ടുണ്ടാവില്ലേ? ഇല്ലെങ്കിൽ കല്യാണങ്ങൾ തരക്കേടില്ലാത്ത വിധം നടത്തിയിട്ടുണ്ടാവില്ലേ? വലിയ പലിശയുള്ള ഏതെങ്കിലും കടം തീർത്തിട്ടുണ്ടാവില്ലേ? ആശുപത്രിയിലെ ബില്ലടച്ചിട്ടുണ്ടാവില്ലേ? കൊള്ളാവുന്നൊരു വണ്ടി വാങ്ങിയിട്ടുണ്ടാവില്ലേ? അപ്പോൾ പിന്നെ ഈ കടം വീട്ടേണ്ടത് ഞാൻ മാത്രമല്ലേ? അതിന്റെ പ്രാരാബ്ധങ്ങൾ നാട്ടുകാരോടും സർക്കാരിനോടും പറയാൻ എനിക്കെന്തെങ്കിലും അവകാശമുണ്ടോ?

3. ചിന്ത രണ്ട് :

സർക്കാരഉദ്യോഗസ്ഥർക്ക് മാത്രമെന്താണ് പ്രത്യേകത? മറ്റുള്ളവരും കാശുണ്ടാക്കുന്നില്ലേ? പെയിന്റിങ് പണിക്കു പോകുന്ന നിസാറിനും ടൈൽസ് പണിക്കു പോകുന്ന വിവിലിനുമൊക്കെ മോശമല്ലാത്ത വരുമാനമില്ലേ? നജീബിന്റെ കടയിലൊക്കെ നല്ല കച്ചോടമില്ലേ? ജിയോ ജോസിന് തേയില പറിക്കാനും കുരുമുളക് വിൽക്കാനുമില്ലേ? പണക്കാരുടെ കാര്യമാണെങ്കിൽ പറയാനുമില്ല.

4. മറുചിന്ത:

മഴ പെയ്താലോ വെള്ളം കേറിയാലോ നിസാറിനും വിവിലിനും പണിയുണ്ടാകുമോ? കച്ചോടമൊക്കെ കയറിയും ഇറങ്ങിയും കളിക്കുന്ന ഒരു സംഭവമല്ലേ? നോട്ടു നിരോധിച്ചപ്പോൾ പണിയില്ലാതെ/ കച്ചോടമില്ലാതെ പെട്ട് പോയ കഥ ഇപ്പോഴും പലരും പറയാറില്ലേ? അതിൽ കടക്കെണിയിലായ ചങ്ങാതിമാരൊക്കെ നമ്മുടെ കൂടെത്തന്നെയില്ലേ? ഇരുന്നൂറ്റമ്പത്‌ രൂപയുണ്ടായിരുന്ന കുരുമുളകിന് അറുപതു രൂപയായതും പതിനെട്ടു രൂപയുണ്ടായിരുന്ന ചപ്പിനു രണ്ടു രൂപയായതും ഞാനും കൂടി അനുഭവിച്ചറിഞ്ഞതല്ലേ? ഇക്കാലത്തെന്നെങ്കിലും എനിക്ക് സർക്കാർ തരുന്ന ശമ്പളത്തിൽ പത്തു പൈസ കുറഞ്ഞിട്ടുണ്ടോ? എല്ലാക്കൊല്ലവും ഇൻക്രിമെന്റും ഇടക്കൊക്കെ ഡി.എ വർധനവും അല്ലാതെ കുറവ് എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ? യാത്രപോകാനും ഉത്സവം/ കല്യാണം കൂടാനും ആശുപത്രിയിൽ കിടന്നപ്പോഴും ലീവെടുത്തപ്പോൾ കാശൊന്നും കുറഞ്ഞിട്ടില്ലല്ലോ. ഇനിയിപ്പോ നിന്ന നിൽപ്പിൽ ഞാനങ്ങോട്ടു തട്ടിപ്പോയാലും മോൾക്ക് ജോലിയും കൂലിയും സർക്കാര് കൊടുത്തോളൂലേ? മേൽപ്പറഞ്ഞ ആർക്കെങ്കിലും അങ്ങനൊരു സമാധാനമുണ്ടോ? എന്നിട്ടും അവരൊക്കെ കയ്യിലുള്ളത് തട്ടിക്കൂട്ടി ദുരിത ബാധിതർക്കൊപ്പം നിന്നില്ലേ?

പിന്നെ കേൾക്കാറുള്ള ഒരു കാര്യം ഈ ഫേസ്ബുക്ക് പോസ്റ്റോക്കെയിട്ട് പണിപോയാലോ എന്നാണല്ലോ. സത്യത്തിൽ അങ്ങനെ പണിയൊന്നും പോകില്ലെന്ന് (ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്തിടത്തോളം) നമുക്കറിയില്ലേ ?
പിന്നെ കിട്ടാനുള്ളത് ട്രാൻസ്ഫറും സസ്പെൻഷനുമൊക്കെയല്ലേ? അതൊക്കെ യാത്രചെയ്യാനും സ്ഥലം കാണാനും കൂടുതൽ മനുഷ്യന്മാരെ പരിചയപ്പെടാനും ഉള്ള സുവർണ്ണാവസരങ്ങളല്ലേ?
ചിലപ്പോൾ ഇൻക്രിമെന്റ് പോയേക്കാം. പണ്ട് മൂന്നാലു വട്ടം കാലൊടിഞ്ഞപ്പോൾ ബേബി മെമ്മോറിയലിൽ പോകാതെ ബീച്ചാശുപത്രിയിൽ പോയതോണ്ട് കിട്ടിയ ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടല്ലോ, അതിലങ്ങ് അഡ്ജസ്റ്റ് ചെയ്താൽ പോരെ?

5. പ്രാക്ടിക്കൽ ചിന്ത വിത്ത് തീരുമാനം:

സമ്മതപത്രവും നിരാസപത്രവുമൊക്കെ വരുന്നതിനു മുൻപ് തന്നെ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ ആഗ്രഹിച്ചിരുന്നു. പി. എഫിൽ ആറുമാസം കൂടുമ്പോൾ ലോണെടുക്കാറുണ്ടെങ്കിലും നാല്പതിനായിരം രൂപയൊക്കെ എന്തായാലും അക്കൗണ്ടിൽ കാണും, അതെടുത്തു കൊടുക്കാം എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴിതാ സംഗതി അതിലേറെ എളുപ്പമാക്കി സർക്കാറുത്തരവ് വന്നിരിക്കുന്നു. ധാരാളം ഓപ്ഷൻസ്! ലീവ് കുറെയെണ്ണം അക്കൗണ്ടിൽ കിടപ്പുണ്ട്. അടുത്ത വെള്ളപ്പൊക്കമോ സുനാമിയോ വന്നാൽ, ഒരു ഹാർട്ടറ്റാക് വന്നാൽ ബാക്കിയുണ്ടാവുമൊന്നുറപ്പില്ലാത്ത ഞാൻ ലീവൊക്കെ കെട്ടിപ്പൂട്ടി വച്ചിട്ടെന്തു കാര്യം? ഇക്കൊല്ലത്തെ സറണ്ടർ ഏപ്രിലിൽ തന്നെ തീരുമാനമാക്കിയതാണ്. അതോണ്ട് ഒരു സറണ്ടറും കൂടി ചെയ്യാനുള്ള അപൂർവ്വാവസരം കിട്ടിയ സ്ഥിതിക്ക് അതങ്ങു ചെയ്താൽ ഒരു ബാധ്യതയുമില്ലാതെ, ശമ്പളത്തിൽ നിന്ന് അഞ്ചു പൈസ ചെലവില്ലാതെ, ഒരു പൈസ പോലും കീശയിൽ നിന്നെടുത്തു കൊടുക്കാതെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു കൊടുക്കാം. വലിയ സംഭാവന ചെയ്യുന്നു എന്ന അഭിമാനത്തോടെയല്ല, അധികമായി കിട്ടുന്ന ആനുകൂല്യത്തിൽ നിന്നൊരു തുള്ളി മാത്രം കൊടുക്കുന്നു എന്ന ആത്മനിന്ദയോടെ.. കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ..

https://www.facebook.com/story.php?story_fbid=2324099474271724&id=100000150819898