പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി; നാളെ വധശിക്ഷ: ഇനിയുള്ള മൂന്ന് മണിക്കൂറുകൾ നിർണ്ണായകം

single-img
2 March 2020

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്. തിരുത്തല്‍ ഹര്‍ജി തള്ളിയതോടെ പവന്‍ ഗുപ്ത ഇന്നുതന്നെ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

 നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പാക്കാന്‍ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദയാഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതേസമയം ഉച്ചയ്ക്കു ശേഷമാണ് ദയാഹര്‍ജി നല്‍കുന്നതെങ്കില്‍ ഈ ചട്ടം കണക്കിലെടുക്കേണ്ടതില്ല. അതിനാൽത്തന്നെ ഇനിയുള്ള മൂന്നു മണിക്കൂറുകൾ നിർണ്ണായകമാണ്. 

നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. 

വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുള്ളതിനാൽ വധശിക്ഷ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ  അശ്ചിതത്വം തുടരുകയാണ്.