കലാപ സമയത്ത് സഹായം തേടിയെത്തിയത് 13,200 ഫോണ്‍ കോളുകള്‍; അനങ്ങാതെ ഡൽഹി പൊലീസ്

single-img
29 February 2020

വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ കലാപം നടമാടിയ നാലു ദിനങ്ങളിൽ പൊലീസിന്റെ നമ്പറില്‍ സഹായം അഭ്യര്‍ഥിച്ചു വന്നത് 13,200 കോളുൾ. എന്നാൽ ഈ കോളുകളില്‍ എന്തു നടപടി സ്വീകരിച്ചു എന്നതില്‍ പൊലീസിനു മറുപടിയില്ലെന്നാണ് റിപ്പോർട്ടുകൾ. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  പ്രശ്‌നം തുടങ്ങിയ 23ന് 700 കോളുകളാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. 24ന് 3,500 കോളുകള്‍, 25ന് 7,500 കോളുകള്‍ 26ന് 1,500 കോളുകളുമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കലാപം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളില്‍ പൊലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ കോളുകളെന്നും എടുത്തില്ലെന്ന് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ വസ്തുതാന്വേഷണ സമിതി ആരോപിച്ചു. സംഘര്‍ഷമുണ്ടായ നാലുദിവസങ്ങളിലായി 13,200 ഫോണ്‍ വിളികളാണു വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കു വന്നത്.

ഒന്‍പതു കോളങ്ങളുള്ള റജിസ്റ്ററില്‍ വിശദമായ പരാതി, പരാതിയുടെ രത്‌നച്ചുരുക്കം, എപ്പോഴാണു പരാതി ലഭിച്ചത്, എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ വിവിധ പരാതികള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ കേസുകളില്‍ എന്തുനടപടിയെടുത്തു എന്ന കോളം പൂരിപ്പിച്ചിട്ടില്ലെന്നും എൻഡി ടിവി റിപ്പോർട്ടുചെയ്യുന്നു. 

കലാപം കൊടുമ്പിരി കൊണ്ട ദിനങ്ങളിൽ പൊലീസിന്റെ 100 നമ്പര്‍ എഴുപത്തി രണ്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ ലെറ്റസ് ഹീസ് അവര്‍ ദില്ലി എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.  ഭജന്‍പുര, ചാന്ദ് ബാഗ്, ഗോകുല്‍പുരി, ചമന്‍ മാര്‍ക്ക്, ശിവ വിഹാര്‍, മുസ്താഫാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ആളുകളോടു സംസാരിച്ചാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഈ സ്ഥലങ്ങളിലെവിടെയും ആളുകള്‍ക്ക് ആവശ്യമുള്ള സമയത്ത് പൊലീസിന്റെ സഹായം കിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഫാറൂഖ് നഖ്വി, സരോജിജിനി എന്‍, നവശരന്‍ സിങ്, നവജീവന്‍ ചന്ദര്‍ എന്നിവരാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട തയ്യാറാക്കി പുറത്തുവിട്ടത്.