ഞരമ്പ് കടിച്ചു മുറിച്ചു, മുറിവ് ടെെലിൽ ഉരച്ച് വലുതാക്കി: ആത്മഹത്യാശ്രമത്തെക്കുറിച്ച് വിവരിച്ച് ജോളി

single-img
27 February 2020

കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കൈഞരമ്പ് കടിച്ച് മുറിച്ചാണെന്ന് മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കടിച്ചുമുറിവേൽപ്പിച്ച ശേഷം മുറിവ് ടൈലില്‍ ഉരച്ച് വലുതാക്കിയെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി. 

എന്നാൽ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ജയിൽ സൂപ്രണ്ട് പ്രതികരിച്ചത്. ആത്മഹത്യാശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ജോളിയിപ്പോൾ. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. 

ജയിലിൽ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷയെ മുന്‍ നിര്‍ത്തി ജോളിയെ മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. ജോളി മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് ജയിൽ അധികൃതർ മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. 

ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.