കൊറോണ ഗൾഫ് രാജ്യങ്ങളേയും പിടികൂടുന്നു: കുവെെത്തിലെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

single-img
27 February 2020

കൊറോണ വെെറസ് ഗൾഫ് രാജ്യങ്ങളിലേക്കും കടന്നു കയറുന്നു. വൈറസ് കുവൈറ്റില്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. 

മാര്‍ച്ച് ഒന്നുമുതലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നിലവില്‍ മാര്‍ച്ച് ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. 

ഇതുവരെയായി 26 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇറാനില്‍നിന്ന് ഒഴിപ്പിക്കലിൻ.റെ ഭാഗമായി എത്തിയ കുവൈത്ത് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍ എല്ലാവരും. 126 പേരുള്ള ഈ സംഘത്തിലെ മുഴുവന്‍ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു പാര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം പടരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. 

എന്നാൽ സാഹചര്യങ്ങൾ മോശമായി നിലനിൽക്കുനന്തിനാൽ പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചു. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മുഖാവരണം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം നടന്നുവരികയാണ്. കൂടാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇവ ലഭ്യമാക്കാനും വില വര്‍ധിപ്പിക്കാതെ വില്‍പ്പന നടത്താനും ആരോഗ്യമന്ത്രാലയം ഷോപ്പുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രവാസികളെ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രെെസിസ്  ആൻ്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റി മാധ്യമങ്ങളോടു പറഞ്ഞു. 

നിലവില്‍ സൗദി അറേബ്യയുടെ ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ മേഖലയില്‍ ഭീതിയും ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് ബഹ്റെെൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്.